സംസ്ഥാന സർക്കാരിനെതിരെ കള്ളപ്രചാരവേല നടക്കുന്നു: എംവി ഗോവിന്ദൻ മാസ്റ്റർ
അഡ്മിൻ
ഇടത് മുന്നണി സർക്കാരിനെതിരെ കള്ള പ്രചാരവേല നടക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ. സംസ്ഥാനത്ത് സഹകരണ പ്രസ്ഥാനം എല്ലാ മേഖലയിലും ഇടപെടുന്നുണ്ട്. സഹകരണ മേഖലയെ ഒതുക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തന്നെ രംഗത്തുണ്ട്.
കരുവന്നൂരിൽ സംസ്ഥാന സർക്കാർ സമഗ്ര അന്വേഷണം നടത്തിയതാണ്. ഇതിന് ശേഷം പാർട്ടിക്ക് ബന്ധമുണ്ടെന്ന് തെളിവുണ്ടെന്ന് വരുത്തിത്തീർക്കാൻ ഇഡി ഉദ്യോഗസ്ഥർ ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങൾക്കും നേതാക്കൾക്കുമെതിരെ കള്ള പ്രചാരവേല നടക്കുന്നുണ്ട്. സംസ്ഥാന സഹകരണ മേഖലയിലെ ഇഡി പരിശോധനയും ആ രൂപത്തിലാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
എസി മൊയ്തീൻ ചാക്കിൽ പണം കെട്ടി കൊണ്ടുപോകുന്നത് കണ്ടുവെന്ന് പറയാൻ കൗൺസിലർമാരെ ഇഡി ഉദ്യോഗസ്ഥർ മർദ്ദിക്കുകയാണ്. ഉത്തരേന്ത്യയിൽ നിന്നുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് ഭീഷണിപ്പെടുത്തുന്നത്. മകളുടെ വിവാഹ നിശ്ചയം പോലും നടക്കില്ലെന്ന് അരവിന്ദാക്ഷനെ ഭീഷണിപ്പെടുത്തിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.