അവയവങ്ങൾ ദാനം ചെയ്യുന്നവരുടെ ശവസംസ്കാരം ഇനി സംസ്ഥാന ബഹുമതികളോടെ: എംകെ സ്റ്റാലിൻ
അഡ്മിൻ
അവയവദാനം നടത്തുന്നവരുടെ മരണാനന്തര ചടങ്ങുകൾ സംസ്ഥാന ബഹുമതികളോടെ നടത്തുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. അവയവദാനത്തിൽ രാജ്യത്തിൽ മുന്നിലാണ് തമിഴ്നാട്. ദുഃഖപൂർണമായ സമയത്തും തങ്ങളുടെ പ്രിയപ്പെട്ടവരുടെ അവയവങ്ങൾ ദാനം ചെയ്യാൻ മുന്നോട്ടുവരുന്ന കുടുംബങ്ങളുടെ നിസ്വാർത്ഥമായ ത്യാഗമാണ് ഈ നേട്ടത്തിന് പിന്നിലെന്നും പ്രസ്താവനയിൽ അദ്ദേഹം വ്യക്തമാക്കി.
അവയദാനത്തിൽ രാജ്യത്തെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന സംസ്ഥാനമായി കഴിഞ്ഞമാസം തമിഴ്നാട് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കഴിഞ്ഞമാസം ഇത് സംബന്ധിച്ച പുരസ്‌കാരം കേന്ദ്ര ആരോഗ്യമന്ത്രിയിൽ നിന്ന് തമിഴ്നാട് ആരോഗ്യമന്ത്രി മാ സുബ്രഹ്‌മണ്യൻ ഏറ്റുവാങ്ങുകയും ചെയ്തു.
അവയവദാനത്തെക്കുറിച്ചുള്ള ഉയർന്ന അവബോധമാണ് വിജയത്തിന് പിന്നിലെന്ന് തമിഴ്നാട് ആരോഗ്യമന്ത്രി അന്ന് പറഞ്ഞിരുന്നു. അവയവങ്ങൾ ദാനം ചെയ്യുമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിനും ഭാര്യയും പ്രതിജ്ഞയെടുത്തതായും മന്ത്രി അന്ന് കൂട്ടിച്ചേർത്തു. ഇതിനിടെ, തുർക്കിയിൽ രണ്ടാഴ്ചയായി ചികിത്സയിൽ കഴിയുന്ന കാഞ്ചീപുരം സ്വദേശിയായ രണ്ടുവയസ്സുകാരിയെ നാട്ടിലെത്തിക്കാൻ എം കെ സ്റ്റാലിൻ 10 ലക്ഷം രൂപ അനുവദിച്ചു.