തിരുവനന്തപുരം : ബി ജെ പി സംസ്ഥാന അധ്യക്ഷപദവി അഡ്വ ശ്രീധര്‍പിള്ളയ്ക്ക് തന്നെ. കേരളത്തില്‍ അധ്യക്ഷനാക്കാന്‍ യോഗ്യതയുള്ള പ്രവര്‍ത്തകരൊന്നും ഇല്ലാത്തത് കൊണ്ടാണ് ശ്രീധരന്‍ പിള്ളയെ രണ്ടാം തവണയും അധ്യക്ഷ സ്ഥാനത്തേക്ക് നിയോഗിക്കുന്നത്. കേന്ദ്രനേതാക്കള്‍ ശ്രീധരന്‍പിള്ളയോട് തീരുമാനം അറിയിച്ചു. ബി ജെ പി ദേശീയ പ്രസിഡന്റ് അമിത് ഷാ ശ്രീധരന്‍ പിള്ളയുമായി ഫോണില്‍ സംസാരിച്ചു എന്നാണ് സൂചനകള്‍. രണ്ടുദിവസത്തിനകം ഡല്‍ഹിയില്‍ നിന്ന് പ്രഖ്യാപമുണ്ടാകുമെന്നാണ് വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്നും അറിയാന്‍ സാധിക്കുന്നത്.
ബി ജെ പിയുടെ സംസ്ഥാന പ്രസിഡന്റും ആര്‍ എസ് എസ് പ്രചാരകനുമായ കുമ്മനം രാജശേഖരനെ മോശം പ്രകടനത്തിന്റെ പേരില്‍ മിസോറാം ഗവര്‍ണറാക്കി പണിഷ്‌മെന്റ് ട്രാന്‍സ്ഫര്‍ നല്‍കിയ ആര്‍ എസ് എസ് - ബി ജെ പി നേതൃത്വം പുതിയ സംസ്ഥാന അധ്യക്ഷനെ കണ്ടെത്താന്‍ വല്ലാതെ ബുദ്ധിമുട്ടി. അധ്യക്ഷനായി പരിഗണിക്കുന്നവരെ കുറിച്ചുള്ള കെട്ടുകണക്കിന് പരാതികളാണ് കേന്ദ്രനേതൃത്വത്തിന് മുന്നില്‍ മറുചേരികള്‍ എത്തിച്ചിരുന്നത്. പരാതി വായിച്ച് അത്ഭുതപ്പെട്ട കേന്ദ്രകമ്മറ്റി ഓഫീസ് ജീവനക്കാര്‍ കേരളത്തിലെ ഓരോ ബി ജെ പി നേതാവിനെ പറ്റിയുമുള്ള ഫയലുകള്‍ ഉണ്ടാക്കിയാണ് അമിത് ഷായ്ക്ക് പരാതികള്‍ കൈമാറിയത്. അഴിമതി, സ്ത്രീ വിഷയങ്ങള്‍, സ്വജനപക്ഷപാതം, ഗ്രൂപ്പ് പകവീട്ടല്‍ തുടങ്ങി ഓരോ നേതാവിനെതിരെയും സംസാരിക്കുന്ന തെളിവുകളാണ് കേന്ദ്ര നേതൃത്വത്തിന് മുന്നിലുള്ളത്. പരാതിയില്‍ പറയുന്ന ഗുരുതരമായ ആരോപണങ്ങള്‍ വെച്ച് ഇവരെ ബി ജെ പിയില്‍ നിന്ന് പുറത്താക്കാവുന്നതാണ്. അങ്ങനെ പുറത്താക്കിയാല്‍ പിന്നെ കേരളത്തില്‍ നേതൃത്വമില്ലാത്ത പാര്‍ട്ടിയായി ബി ജെ പി മാറുമെന്നുള്ളതുകൊണ്ടാണ് പരാതിയില്‍ നടപടികള്‍ സ്വീകരിക്കാത്തത്. പരാതിയില്‍ കഴമ്പില്ലെന്ന് കണ്ട നേതാവ് പി എസ് ശ്രീധരന്‍പിള്ള മാത്രമാണ്. ശ്രീധരന്‍ പിള്ള ഗ്രൂപ്പുകള്‍ക്ക് അതീതനുമാണ്. അതാണ് പിള്ളക്ക് നറുക്കുവീണത്.
2003-2006ലാണ് ഇതിനുമുമ്പ് ശ്രീധരന്‍പിള്ള സംസ്ഥാന പ്രസിഡന്റായിരുന്നത്. ആ കാലത്ത് ബി ജെ പി സംഘടനാപരമായി ഏറെ പിറകോട്ട് പോയിരുന്നു എന്ന വസ്തുത പരിഗണിക്കാതെയാണ് അദ്ദേഹത്തെ വീണ്ടും അധ്യക്ഷനാക്കാന്‍ കേന്ദ്രനേതൃത്വം തുനിയുന്നത്.