കോണ്‍ഗ്രസ് നേതാക്കൾക്കെതിരെ അതൃപ്തി പരസ്യമാക്കി മുസ്ലിം ലീഗ്

സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളുടെ പരസ്യ പ്രതികരണത്തിലും അഭിപ്രായ ഭിന്നതയിലും അതൃപ്തി പരസ്യമാക്കി മുസ്ലിം ലീഗ്. തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ നേതാക്കള്‍ക്കിടയില്‍ യോജിപ്പും ഐക്യവും വേണമെന്നാണ് മുസ്ലിം ലീഗ് അടക്കമുള്ള ഘടകക്ഷികളുടെ ആവശ്യം.

ഭിന്നതകള്‍ മാറ്റിവച്ച് ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടണമെന്ന് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം ട്വ പറഞ്ഞു. ജനങ്ങള്‍ യുഡിഎഫിനൊപ്പമാണ്. ആ ജനങ്ങള്‍ക്കൊപ്പം നില്‍ക്കേണ്ട ഹൃദയവിശാലത നേതാക്കള്‍ കാണിക്കണമെന്നും എല്ലാ അഭിപ്രായ വ്യത്യാസങ്ങളും മാറ്റിവച്ച് ഒറ്റക്കെട്ടായി രംഗത്ത് വരണമെന്നും പിഎംഎ സലാം വ്യക്തമാക്കി.

പുതുപ്പള്ളി തെരെഞ്ഞെടുപ്പില്‍ ഉണ്ടായിരുന്ന ഐക്യവും യോജിപ്പും തെരഞ്ഞെടുപ്പിന് ശേഷം നേതാക്കള്‍ക്കിടയിലില്ല. പത്രസമ്മേളനത്തില്‍ മൈക്കിനായി വിഡി സതീശനും കെ. സുധാകരനും പിടിവലി കൂടിയതിലും കെ. മുരളീധരന്‍ നേതൃത്വത്തിനെതിരെ തുടര്‍ച്ചയായി രംഗത്തുവരുന്നതിലും ഘടകക്ഷികള്‍ക്ക് നീരസമുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ അനൈക്യം തിരിച്ചടിക്കുമോ എന്നാണ് ആശങ്ക. സര്‍ക്കാരിനെതിരായ ആരോപണങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതില്‍ യുഡിഎഫിന് വീഴ്ചയുണ്ടായിട്ടില്ലെന്നും പിഎംഎ സലാം പറഞ്ഞു.

24-Sep-2023