റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണറെ പ്രധാനമന്ത്രി പാമ്പിനോട് ഉപമിച്ചതായി ആരോപണം

റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി പാമ്പിനോട് ഉപമിച്ചതായി ആരോപണം. മുന്‍ ധനകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാര്‍ഗിന്റെ 'വി ഓള്‍സോ മേക്ക് പോളിസി' എന്ന പുസ്തകത്തിലാണ് ഈ വെളിപ്പെടുത്തല്‍. പണത്തിന് മുകളില്‍ അടയിരിക്കുന്ന പാമ്പ് എന്നാണ് ഊര്‍ജിത് പട്ടേലിനെ മോഡി ഉപമിച്ചതെന്നാണ് പുസ്തകത്തില്‍ പറയുന്നത്.

2018 ലാണ് കേന്ദ്ര സര്‍ക്കാരും ഊര്‍ജിത് പട്ടേലും തമ്മിലുള്ള ഭിന്നത രൂക്ഷമായത്. ദേശസാല്‍കൃത ബാങ്കുകളുടെ മേലുള്ള നിയന്ത്രണം നീക്കാന്‍ സര്‍ക്കാരിന് കഴിയുന്നില്ലെന്ന് ഊര്‍ജിത് പട്ടേല്‍ സര്‍ക്കാരിനെ വിമര്‍ശിക്കുക കൂടി ചെയ്തതതോടെ അകല്‍ച്ച ശക്തമാകുകയായിരുന്നു. ഈ നിയന്ത്രണമില്ലാത്തത് മൂലമാണ് പൊതുമേഖല ബാങ്കുകളില്‍ റിസര്‍വ് ബാങ്കിന് നിയന്ത്രണാധികാരമുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുകയുണ്ടായി.

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കുന്നതിനുള്ള കടപത്രവുമായി ബന്ധപ്പെട്ട് ഊര്‍ജിത് പട്ടേല്‍ കടുംപിടിത്തം തുടര്‍ന്നത് സര്‍ക്കാരിന് ബുദ്ധിമുട്ടുണ്ടാക്കിയെന്നും പുസ്തകത്തില്‍ പറയുന്നു. റിസര്‍വ് ബാങ്കിന് മാത്രമേ കടപത്രം നല്‍കാന്‍ അധികാരമുള്ളൂ എന്നായിരുന്നു ഊര്‍ജിത് പട്ടേലിന്റെ നയം. 2018 ജൂണില്‍ ഉര്‍ജിത് പട്ടേല്‍ റിപ്പോ നിരക്ക് 6.25 ശതമാനമായി ഉയര്‍ത്തി. മൂന്നു മാസത്തിനു ശേഷം റിപ്പോ നിരക്ക് വീണ്ടും 25 ശതമാനം വര്‍ധിപ്പിച്ചു. തുടര്‍ന്ന് കോടിക്കണക്കിനു രൂപയുടെ അധിക മൂലധനം ബാങ്കുകളില്‍ നിക്ഷേപിക്കാന്‍ സര്‍ക്കാരിനുമേല്‍ സമ്മര്‍ദമുണ്ടായി.

അന്നത്തെ ധനമന്ത്രിയായിരുന്ന അരുണ്‍ ജെയ്റ്റ്‌ലിക്കും ഊര്‍ജിതിന്റെ നയങ്ങളില്‍ എതിര്‍പ്പുണ്ടായിരുന്നുവെന്നും പുസ്തകത്തില്‍ പറയുന്നു. ഊര്‍ജിത് പട്ടേലിന്റെ നയങ്ങളെ അപ്രായോഗികമെന്നാണ് ജെയ്റ്റ്‌ലി വിശേഷിപ്പിച്ചത്. തുടര്‍ന്ന് ഇരുവരും തമ്മില്‍ ആശയവിനിമയം ഇല്ലാതായി. പി.എം.ഒയിലെ അന്നത്തെ അഡിഷനല്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.കെ മിശ്ര വഴിയായിരുന്നു ഇരുവരും ആശയ വിനിമയം നടത്തിയിരുന്നത്.

എല്‍.ടി.സി.ജി നികുതി പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കിയ സമയത്താണ് മോദി ഊര്‍ജിത് പട്ടേലിനെ പണത്തിന് മുകളില്‍ ഇരിക്കുന്ന പാമ്പ് എന്ന് വിശേഷിപ്പിച്ചതത്രെ. 2018 ഡിസംബറില്‍ ഊര്‍ജിത് പട്ടേല്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനം രാജിവെക്കുകയായിരുന്നു.

24-Sep-2023