കോണ്‍ഗ്രസ് ഭരണത്തിന്‍ കീഴിലാണ് ബാബറി മസ്ജിദ് തകര്‍ത്തത്: ഒവൈസി

വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ നിന്നല്ല, ഹൈദരാബാദില്‍ നിന്ന് മത്സരിക്കാന്‍ കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിയെ വെല്ലുവിളിച്ച് ഹൈദരാബാദ് എംപിയും എഐഎംഐഎം അധ്യക്ഷനുമായ അസദുദ്ദീന്‍ ഒവൈസി.ഹൈദരാബാദിലെ തന്റെ മണ്ഡലത്തില്‍ ഒരു പൊതുയോഗത്തിനിടെയാണ് ഒവൈസി ഇക്കാര്യം പറഞ്ഞത്, കോണ്‍ഗ്രസിന്റെ ഭരണത്തിലാണ് ബാബറി മസ്ജിദ് തകര്‍ത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിങ്ങള്‍ വലിയ പ്രസ്താവനകള്‍ തുടരുകയാണ്. അതുകൊണ്ട് എനിക്കെതിരെ തിരഞ്ഞെടുപ്പില്‍ മത്സരിക്കൂ. വയനാട്ടില്‍ അല്ല ഹൈദരാബാദില്‍ നിന്നും തെരഞ്ഞെടുപ്പിനെ നേരിടാന്‍ ഞാന്‍ നിങ്ങളെ വെല്ലുവിളിക്കുന്നു. കോണ്‍ഗ്രസ് ഭരണത്തിന്‍ കീഴിലാണ് ബാബറി മസ്ജിദ് തകര്‍ത്തത്. പൊതുയോഗത്തില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു,

അടുത്തിടെ തുക്കുഗുഡയില്‍ നടന്ന കോണ്‍ഗ്രസ് 'വിജയഭേരി' പൊതുയോഗത്തിനിടെ രാഹുല്‍ ഗാന്ധി എഐഎംഐഎമ്മിനെ പരിഹസിക്കുകയും തെലങ്കാനയിലെ കോണ്‍ഗ്രസ് ബിജെപി, ബിആര്‍എസ്, എഐഎംഐഎം എന്നിവയ്ക്കെതിരെ പോരാടുകയാണെന്നും പറഞ്ഞതിന് പിന്നാലെയാണിത്.
ഒവൈസിക്കും മുഖ്യമന്ത്രി കെസിആറിനും എതിരെ ഇഡി അല്ലെങ്കില്‍ സിബിഐ കേസുകളൊന്നും ഇല്ലെന്നും കേന്ദ്ര സര്‍ക്കാര്‍ അവരെ സ്വന്തം ആളുകളായാണ് കരുതുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.

25-Sep-2023