ണിപ്പൂരിനെ ബിജെപി യുദ്ധക്കളമാക്കി മാറ്റുകയാണ്: ഖാർഗെ

മണിപ്പൂരിലെ സ്ഥിതിഗതികളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, കലാപം നിയന്ത്രിക്കുന്നതിന്റെ ആദ്യപടിയായി "കഴിവില്ലാത്ത" ബിജെപി മുഖ്യമന്ത്രിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടു. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ ആയുധമാക്കിയെന്നും, മണിപ്പൂരിനെ ബിജെപി യുദ്ധക്കളമാക്കി മാറ്റുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ജൂലൈ ആറ് മുതൽ കാണാതായ രണ്ട് വിദ്യാർത്ഥികളെ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് RAF ഉദ്യോഗസ്ഥരും നാട്ടുകാരും തമ്മിൽ ചൊവ്വാഴ്‌ച രാത്രി ഇംഫാലിലെ സിംഗ്ജമേയ് പ്രദേശത്ത് സംഘർഷമുണ്ടായിരുന്നു. ഇതോടെ പോലീസ് പ്രക്ഷോഭകർക്ക് നേരെ കണ്ണീർ വാതക ഷെല്ലുകളും റബ്ബർ ബുള്ളറ്റുകളും പ്രയോഗിക്കുകയും ലാത്തി ചാർജ് നടത്തുകയും ചെയ്‌തിരുന്നു. ഇതിൽ 45ലധികം പേർക്ക് പരിക്കേറ്റിരുന്നു. ഇതിൽ കൂടുതലും വിദ്യാർത്ഥികളാണ്.

"147 ദിവസമായി മണിപ്പൂരിലെ ജനങ്ങൾ ദുരിതമനുഭവിക്കുകയാണ്, എന്നാൽ പ്രധാനമന്ത്രി മോദിക്ക് സംസ്ഥാനം സന്ദർശിക്കാൻ സമയമില്ല. ഈ അക്രമത്തിൽ വിദ്യാർത്ഥികളെ ലക്ഷ്യമിടുന്നതിന്റെ ഭയാനകമായ ചിത്രങ്ങൾ വീണ്ടും രാജ്യത്തെ മുഴുവൻ ഞെട്ടിച്ചിരിക്കുന്നു" അദ്ദേഹം തന്റെ എക്‌സ് പോസ്‌റ്റിലൂടെ പറഞ്ഞു.

"സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ ഈ സംഘർഷത്തിൽ ആയുധമാക്കിയെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്. മനോഹരമായ മണിപ്പൂർ സംസ്ഥാനം യുദ്ധക്കളമാക്കിയിരിക്കുന്നു, എല്ലാം ബിജെപി കാരണമാണ്" അദ്ദേഹം ആരോപിച്ചു.

27-Sep-2023