സഹകരണ മേഖല കേരളത്തിൽ മികച്ച രീതിയിലാണ് പ്രവർത്തിക്കുന്നത്: മുഖ്യമന്ത്രി
അഡ്മിൻ
പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളീയം, നവ കേരള സദസ് തുടങ്ങിയ പരിപാടികളിൽ പ്രതിപക്ഷം പങ്കെടുക്കാത്തത് ദൗർഭാഗ്യകരമായ നിലപാടെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളീയം രാഷ്ട്രീയ പരിപാടിയല്ലെന്നും സംസ്ഥാനത്തിന്റെ തനതായ നേട്ടങ്ങൾ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്ന പരിപാടിയെ സങ്കുചിതമായി കാണേണ്ട എന്ത് കാര്യമാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതിപക്ഷം ഇത്തരം പരിപാടികൾ ബഹിഷ്‌കരിക്കുന്നതാണ് കാണുന്നത്. കരുവന്നൂർ വിഷയത്തിൽ കേരളത്തിന്റെ സഹകരണ മേഖലയെ പരിഗണിച്ചേ നിലപാടെടുക്കാനാകൂ. കേരളത്തിലെ സഹകരണ പ്രസ്ഥാനം നാടിന് വലിയ സംഭാവന നൽകുന്നതാണ്. തെറ്റായ വഴിയിൽ സഞ്ചരിച്ചവർക്കെതിരെ നടപടി വേണം.
16000 ത്തിലേറെ സഹകരണ സംഘങ്ങൾ നാട്ടിലുണ്ട്. 98 ശതമാനവും കുറ്റമറ്റ രീതിയിലാണ് മുന്നോട്ട് പോകുന്നതെന്ന് അദ്ദേഹം അറിയിച്ചു. 1.5 ശതമാനത്തിലാണ് ക്രമക്കേടുള്ളത്. സഹകരണ മേഖല കേരളത്തിൽ മികച്ച രീതിയിലാണ് പ്രവർത്തിക്കുന്നത്. അത് സാധാരണ ജനത്തിന്റെ നിത്യജീവിതത്തിന്റെ ഭാഗമാണ്. ബാങ്ക് അക്കൗണ്ട് നാട്ടിൽ സാർവത്രികമാക്കിയത് സഹകരണ സ്ഥാപനങ്ങളാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.