എം എസ് സ്വാമിനാഥന്റെ വിയോഗത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി

രാജ്യത്തെ പ്രശസ്ത കാര്‍ഷിക ശാസ്ത്രജ്ഞന്‍ എം എസ് സ്വാമിനാഥന്റെ വിയോഗത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കാര്‍ഷിക രംഗത്ത് ഇന്ത്യയെ സ്വയംപര്യാപ്തമാക്കുവാന്‍ മൗലികമായ കാര്‍ഷികശാസ്ത്ര സിദ്ധാന്തങ്ങള്‍ മുന്നോട്ടുവെച്ച പ്രശസ്തനായ കാര്‍ഷിക ശാസ്ത്രജ്ഞനായിരുന്നു എം എസ് സ്വാമിനാഥന്‍.

വിളവ് വര്‍ധിപ്പിക്കുന്നതിന് അദ്ദേഹം നടത്തിയ ഗവേഷണങ്ങള്‍ കാര്‍ഷിക രംഗത്തെ വന്‍ തോതില്‍ ജനകീയമാക്കുന്നതിന് സഹായകമായെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലൂടെ പറഞ്ഞു. എം എസ് സ്വാമിനാഥന്റെ സംഭാവനകള്‍ ലോകത്തിന്റെ പലഭാഗങ്ങളിലും വലിയ തോതില്‍ കാര്‍ഷികാഭിവൃദ്ധി ഉണ്ടാക്കുന്നതിനും ഭക്ഷ്യ ദാരിദ്ര്യത്തിനെതിരായ പരിശ്രമങ്ങളെ മുമ്പോട്ടു കൊണ്ടുപോകുന്നതിനും സഹായിച്ചു.

കാര്‍ഷിക സമൃദ്ധിയിലൂടെ സമ്പദ്ഘടനയുടെ ശാക്തീകരണം എന്നതായിരുന്നു അദ്ദേഹത്തിന്റെ മുദ്രാവാക്യം. അദ്ദേഹം പാര്‍ലമെന്റംഗമായിരിക്കെ കാര്‍ഷിക രംഗത്തെ സ്ത്രീകളുടെ ഉന്നമനത്തിനായി അവതരിപ്പിച്ച ബില്‍ സവിശേഷ പ്രധാന്യമുള്ളതായിരുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. അദ്ദേഹത്തിന്റെ വിയോഗത്തില്‍ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും മുഖ്യമന്ത്രി അറിയിച്ചു.

തങ്കത്തിന്റെയും ഡോ. മങ്കൊമ്പ് കെ. സാംബശിവന്റെയും മകനായി തമിഴ്‌നാട്ടിലെ കുംഭകോണത്ത് 1925 ആഗസ്റ്റ് ഏഴിനാണ് അദ്ദേഹത്തിന്റെ ജനനം. ആലപ്പുഴയിലെ കുട്ടനാട് താലൂക്കില്‍ മങ്കൊമ്പ് എന്ന സ്ഥലത്താണ് അദ്ദേഹത്തിന്റെ തറവാട്. ബോര്‍ലോഗിന്റെ ഗവേഷണങ്ങള്‍ക്ക് ഇന്ത്യന്‍ സാഹചര്യങ്ങളില്‍ തുടര്‍ച്ച നല്‍കിയ അദ്ദേഹം, ടൈം മാഗസിന്‍ അവലോകനം അനുസരിച്ച് ഇരുപതാം നൂറ്റാണ്ടില്‍ ഏഷ്യ കണ്ട ഏറ്റവും സ്വാധീനശക്തിയുള്ള 20 പേരില്‍ ഒരാളായിരുന്നു. അദ്ദേഹത്തെ കൂടാതെ മഹാത്മാ ഗാന്ധിയും രവീന്ദ്രനാഥ ടഗോറും മാത്രമാണ് ഇന്ത്യയില്‍നിന്ന് 20 പേരില്‍ ഉള്‍പ്പെട്ടിരുന്നത്.

28-Sep-2023