മനേക ഗാന്ധിക്കെതിരെ 100 കോടിയുടെ മാനനഷ്ട നോട്ടിസ് നൽകി ഇസ്‌കോൺ

ബി.ജെ.പി എം.പി മനേക ഗാന്ധിക്കെതിരെ നൂറു കോടി രൂപയുടെ മാനനഷ്ട നോട്ടിസ് നൽകി ഇന്റർനാഷനൽ സൊസൈറ്റി ഫോർ കൃഷ്ണ കോൺഷ്യസ്‌നസ്(ഇസ്‌കോൺ). പശുക്കളെ കശാപ്പുകാർക്കു വിൽക്കുന്നുവെന്നും, കൊടുംവഞ്ചകരാണെന്നും നേരത്തെ ഇസ്‌കോണിനെതിരെ മനേക ആരോപണം ഉന്നയിച്ചിരുന്നു.

സംഘടനയ്‌ക്കെതിരെ ഇല്ലാത്ത ആരോപണങ്ങൾ ഉന്നയിച്ചെന്ന് കാണിച്ചാണ് നടപടി.
"ഇത്തരം അപകീർത്തികരമായ ആരോപണങ്ങൾ ലോകത്തെങ്ങുമുള്ള ഇസ്‌കോൺ ഭക്തരെയും സഹകാരികളെയും അഭ്യുദയകാംക്ഷികളെയുമെല്ലാം ആഴത്തിൽ വേദനിപ്പിച്ചിട്ടുണ്ട്. ഇസ്‌കോണിനെതിരായ വ്യാജ പ്രചാരണങ്ങളിൽ നീതി ലഭിക്കാനായി ഏതറ്റം വരെയും പോകും"- കൊൽക്കത്ത വൈസ് പ്രസിഡന്റ് രാധാരാമൻ ദാസ് പറഞ്ഞു.

ഇന്ത്യയിലെ ഏറ്റവും വലിയ വഞ്ചകരാണ് ഇസ്‌കോണെന്നും, തങ്ങളുടെ തൊഴുത്തിലുള്ള പശുക്കളെ കശാപ്പുകാർക്ക് വിൽക്കുന്നവരാണെന്നുമാണ് സാമൂഹ്യ മാധ്യമത്തിലൂടെ മനേക ഗാന്ധി കുറ്റപ്പെടുത്തിയത്. ഈയടുത്ത് ആന്ധ്രപ്രദേശിലെ ഇസ്‌കോൺ ഗോശാല സന്ദർശിച്ചപ്പോൾ അവിടെയുള്ള ഒറ്റ പശുവും നല്ല ആരോഗ്യത്തിലല്ല ഉള്ളതെന്നും, പശുക്കിടാങ്ങൾ ഉണ്ടായിരുന്നില്ലെന്നും, എല്ലാം വിറ്റൊഴിവാക്കിയിരിക്കുകയാണെന്നും മനേക ആരോപിച്ചിരുന്നു.

വ്യാജവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങളാണ് മനേക ഉന്നയിച്ചതെന്ന് പറഞ്ഞ് ഇസ്‌കോൺ ഇവ തള്ളികളഞ്ഞിരുന്നു. ഇന്ത്യയിൽ മാത്രമല്ല, ലോകത്തെങ്ങും പശുസംരക്ഷണത്തിന്റെ മുൻനിരയിലുള്ള സംഘടനയാണ് ഇസ്‌കോൺ എന്നും ദേശീയവക്താവ് യുദിഷ്ടിർ ഗോവിന്ദദാസ് പ്രതികരിച്ചു.

29-Sep-2023