ഇടുക്കി : ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2395.42 അടിയിലെത്തി. ചൊവ്വാഴ്ച ഉച്ചക്ക് 12 മണിക്കുള്ള റീഡിങ് അനുസരിച്ചാണിത്. 2395 അടി പിന്നിട്ടതോടെ വൈദ്യുതി ബോര്‍ഡ് രണ്ടാമത്തെ ജാഗ്രതാ നിര്‍ദേശം (ഓറഞ്ച് അലര്‍ട്ട്) പുറപ്പെടുവിച്ചു. 2397 അടിയായാല്‍ പരീക്ഷണാര്‍ഥം ഷട്ടര്‍ തുറക്കാനാണ് (ട്രയല്‍) തീരുമാനം. 2399 അടിയാകുമ്പോള്‍ അതീവ ജാഗ്രതാ നിര്‍ദേശം (റെഡ് അലര്‍ട്ട്) പുറപ്പെടുവിക്കും. അതിനുശേഷം 24 മണിക്കൂര്‍ കൂടി കഴിഞ്ഞേ ചെറുതോണിയില്‍ ഷട്ടറുകള്‍ ഉയര്‍ത്തൂകയുള്ളു. 2403 അടിയാണു ഡാമിന്റെ പരമാവധി ശേഷി. ഇന്നലെ ഉച്ചയ്ക്കുശേഷം മഴ കനത്തതോടെ ഡാമിലേക്കുള്ള നീരൊഴുക്കു കൂടി.
ജലനിരപ്പ് 2395 അടിയിലെത്തിയ വിവരം കെഎസ്ഇബി ഇടുക്കി കലക്ടര്‍ കെ.ജീവന്‍ ബാബുവിനെ അറിയിച്ചതിനെ തുടര്‍ന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കാന്‍ അനുമതി നല്‍കി. ഡാം സേഫ്റ്റി ചീഫ് എന്‍ജിനീയറാണ് അലര്‍ട്ട് പുറപ്പെടുവിച്ചത്. മൈക്കിലൂടെ ഇക്കാര്യം രാത്രി തന്നെ നാട്ടുകാരെ അറിയിക്കുകയും ചെയ്തു. ജനങ്ങള്‍ യാതൊരു കാരണവശാലും പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. മനുഷ്യസാധ്യമായ എല്ലാ മുന്‍കരുതലുകളും സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുണ്ട്. ജാഗ്രതയോടെ ദുരന്ത നിവാരണ അതോറിറ്റിയുടെയും ജില്ലാ ഭരണകൂടങ്ങളുടെയും അറിയിപ്പുകളും നിര്‍ദേശങ്ങളും ജനങ്ങള്‍ ശ്രദ്ധിക്കണം.