ജനപ്രതിനിധികളിലെ ക്രിമിനലുകള്‍ ഏറെയും ബി ജ പിക്കാര്‍

ന്യൂഡല്‍ഹി : 1024 എം.പിമാരും എം.എല്‍.എമാരും ക്രിമിനല്‍ കേസില്‍ പ്രതികള്‍. ഇവരില്‍ 64 പേര്‍ തട്ടിക്കൊണ്ടുപോകല്‍ കേസുകളില്‍ ഉള്‍പ്പെട്ടിരിക്കുന്നു. ക്രിമിനല്‍ കേസുകള്‍ ഏറെയുമുള്ളത് ബി ജെ പി അംഗങ്ങളുടെ പേരില്‍. അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആര്‍) ആണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്.

തട്ടിക്കൊണ്ടുപോകല്‍ കേസ് നേരിടുന്നത് 64 എം പിമാരും എം എല്‍ എമാരുമാണ്. ഇവരില്‍ 16 പേര്‍ ബി ജെ പി അംഗങ്ങളാണ്. തൊട്ടുപിന്നില്‍ കോണ്‍ഗ്രസ്, ആര്‍ ജെ ഡി നേതാക്കളുമുണ്ട്. ആറു പേര്‍ വീതമാണ് ഈ പാര്‍ട്ടികളില്‍ നിന്ന് തട്ടിക്കൊണ്ടുപോകല്‍ കേസ് നേരിടുന്നത്. എന്‍ സി പി, ബിജു ജനതാദള്‍, ഡി എം കെ, സമാജ്‌വാദി പാര്‍ട്ടി, തെലുങ്കുദേശം പാര്‍ട്ടി, തൃണമൂല്‍ കോണ്‍ഗ്രസ്, സി പി ഐ എംഎല്‍, എസ് എച്ച് എസ്, ഭാരതീയ െ്രെടബല്‍ പാര്‍ട്ടി, ജനതദള്‍ യുണൈറ്റഡ്, ലോക് ജന്‍ശക്തി പാര്‍ട്ടി, നിര്‍ബല്‍ ഇന്ത്യ ഷോഷിത് ഹമാര ആം ദള്‍, തെലങ്കാന രാഷ്ട്ര സമിതി എന്നീ കക്ഷികളിലെ എം പിമാരും എം എല്‍ എമാരുമാണ് കുറ്റകൃത്യങ്ങളുടെ പട്ടികയിലുള്ള മറ്റുള്ളവര്‍. 

തട്ടിക്കൊണ്ടുപോകല്‍ കേസ് നേരിടുന്നവരില്‍ ഏറെയും ബിഹാര്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. ഒമ്പത് ജനപ്രതിനിധികള്‍ വീതമാണ് ഇവിടെനിന്നും ഇത്തരം കേസുകളില്‍ പെട്ടിരിക്കുന്നത്. മഹാരാഷ്ട്രയില്‍ നിന്നും എട്ടു പേരും പശ്ചിമ ബംഗാളില്‍ നിന്നും ആറു പേരും തട്ടിക്കൊണ്ടുപോകല്‍ കേസുകളില്‍ പ്രതികളാണ്. ഒഡീഷ, തമിഴ്‌നാട് എന്നിവിടങ്ങളിലെ നാല് വീതം എം എല്‍ എമാര്‍ക്കെതിരെ കേസുണ്ട്. ഗുജറാത്ത്, രാജസ്ഥാന്‍, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ നിന്നു മൂന്നു പേര്‍ വീതവും ഛണ്ഡിഗഢ്, ഹിമാചല്‍പ്രദേശ്, ഝാര്‍ഖണ്ഡ്, കര്‍ണാടക, കേരളം, പഞ്ചാബ്, തെലങ്കാന എന്നിവിടങ്ങളിലെ ഓരോ എം എല്‍ എമാര്‍ വീതവും ഇത്തരം കേസുകളില്‍പെട്ടിട്ടുണ്ട്.

എം പിയായ പപ്പു യാദവ് എന്ന രാജേഷ് രഞ്ജന്റെ പേരിലാണ് ഏറ്റവും കൂടുതല്‍ തട്ടിക്കൊണ്ടുപോകല്‍ കേസുകള്‍ ഉള്ളത്. ആറെണ്ണം. ബിഹാറില്‍ നിന്നുള്ള എല്‍ ജെ പി എം പി രമാ കിഷോര്‍ സിംഗ് നാലു കേസുകള്‍ നേരിടുമ്പോള്‍ അസമിലെ നബ കുമാര്‍ സരണിയ, ബിഹാറിലെ സര്‍ഫറാസ് ആലം, മഹാരാഷ്ട്രയിലെ ഉദയന്‍ പ്രതാപ്‌സിംഗ് ഭോന്‍സാലെ എന്നിവര്‍ മൂന്നുവീതം കേസുകള്‍ നേരിടുന്നു. രാജ്യസഭാംഗങ്ങളായ ദൂത് രാജ്കുമാര്‍ നന്ദ്‌ലാല്‍, നാരായണ്‍ ടാട്ടുറാണെ (മഹാരാഷ്ട്ര), ഉത്തര്‍പ്രദേശിലെ സമാജ്‌വാദി പാര്‍ട്ടി നേതാവായ ചന്ദ്രപാല്‍ സിംഗ് യാദവ് എന്നിവരും തട്ടിക്കൊണ്ടുപോകല്‍ കേസുകളില്‍ പ്രതികളാണ്.

31-Jul-2018