വിഎസ് ശിവകുമാറിന്റെ വീടിനുമുന്നിൽ സഹകരണ സം ഘം നിക്ഷേപകരുടെ പ്രതിഷേധം
അഡ്മിൻ
മുൻമന്ത്രി വിഎസ് ശിവകുമാറിന്റെ വീടിനുമുന്നിൽ സഹകരണ സം ഘം നിക്ഷേപകരുടെ പ്രതിഷേധം. ശിവകുമാറിന്റെ ബെനാമി തട്ടിപ്പ് നടത്തിയെന്ന് ആരോപിച്ച് തിരുവനന്തപുരം ജില്ല അൺ എംപ്ലോയീസ് സോഷ്യൽ വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിൽ നിക്ഷേപം നടത്തി പണം നഷ്ടമായവരാണ് പ്രതിഷേധവുമായെത്തിയത്.
സംഘവുമായി ബന്ധമില്ലെന്നും സത്യസന്ധമായാണ് ജീവിക്കുന്നതെന്നും ശിവകുമാർ പറഞ്ഞു. വിഷയത്തിൽ ഇടപെട്ട സിപിഎം പ്രവർത്തകർ മുഖ്യമന്ത്രിയുടെ ഓഫീസിൽ പരാതി നൽകാൻ നിക്ഷേപകരോട് നിർദ്ദേശിച്ചു. വെൽഫെയർ സൊസൈറ്റിയിൽ നിക്ഷേപം നടത്തി പണവും പലിശയും നഷ്ടമായവരാണ് പ്രതിഷേധവുമായി ശിവകുമാറിന്റെ തിരുവനന്തപുരത്തെ വീടിനു മുന്നിലെത്തിയത്.
മക്കളുടെ വിവാഹം നിശ്ചയിച്ച് പണമില്ലാതായ നിക്ഷേപകരും സംഘത്തിന് ഒപ്പമുണ്ടായിരുന്നു. വീടിന് മുന്നിൽ നിക്ഷേപകരും ശിവകുമാറും തമ്മിൽ വാക്കേറ്റം ഉണ്ടായി. പോലീസ് എത്തി നിക്ഷേപകരെ ഗേറ്റിന് പുറത്തിറക്കി. 40 ലക്ഷം രൂപ വരെ നഷ്ടമായവരും കൂട്ടത്തിൽ ഉണ്ട് . ശിവകുമാറിന്റെ ബിനാമികളും അടുപ്പക്കാരുമാണ് തങ്ങളിൽ നിന്ന് നിക്ഷേപം സ്വീകരിച്ചതെന്ന് പ്രതിഷേധക്കാർ പറഞ്ഞു.
മൂന്ന് ഓഫീസുകൾ ഉണ്ടായിരുന്ന സംഘത്തിൻറെ കിള്ളിപ്പാലത്തെയും വലിയതുറയിലെയും കേന്ദ്രങ്ങൾ ഇതിനകം പൂട്ടിപ്പോയിരുന്നു. വെള്ളായണിയിലെ ഓഫീസ് മാത്രമാണ് നിലവിൽ ഉള്ളത്. ഉദ്ഘാടനം നിർവഹിച്ചാൽ സംഘത്തിൻറെ ബാധ്യത എങ്ങനെ തനിക്ക് വരുമെന്ന് ശിവകുമാർ ചോദിച്ചു.