മീശയുമായി ഡി സി ബുക്സ്. അനുകൂല പ്രതികൂല പ്രതികരണങ്ങളുമായി സോഷ്യല്‍ മീഡിയ.
അഡ്മിൻ
കോട്ടയം : സംഘപരിവാര്‍ ഭീഷണിയെ തുടര്‍ന്ന് നോവലിസ്റ്റ് എസ് ഹരീഷ് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ നിന്നും പിന്‍വലിച്ച മീശ എന്ന നോവല്‍ ഡി സി ബുക്സ് പുറത്തിറക്കുന്നു. മാതൃഭൂമി വാരിക ഖണ്ഡശഃ പ്രസിദ്ധീകരിച്ചിരുന്ന നോവല്‍ സംഘപരിവാര്‍ സംഘടനകളുടെയും പ്രവര്‍ത്തകരുടേയും ഭീഷണിയെ തുടര്‍ന്നാണ് ഹരീഷ് പിന്‍വലിച്ചത്. തുടര്‍ന്ന് പൊതുസമൂഹം ഹരീഷിന് നല്കിയ ഐക്യദാര്‍ഡ്യത്തെ തുടര്‍ന്നാണ് സ്വതന്ത്രമായി നോവല്‍ പ്രസിദ്ധീകരിക്കാന്‍ ഹരീഷ് തീരുമാനിച്ചത്.
പുസ്തകത്തിന്റെ പ്രസിദ്ധീകരണം ഏറ്റെടുത്ത ഡി സി ബുക്സ്, മീശ ഇപ്പോള്‍ പ്രസിദ്ധീകരിക്കാതിരിക്കുകയാണെങ്കില് മലയാളത്തില്‍ ഇനിയൊരു നോവലോ കഥയോ പ്രസിദ്ധീകരിക്കുക അസാധ്യമായിരിക്കുമെന്ന് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ബഷീറിന്റേയോ വി കെ എന്നിന്റേയോ വി ടിയുടേയോ ഇന്നത്തെ എഴുത്തുകാരുടേയോ കൃതികള്‍ പ്രസിദ്ധീകരിക്കാന്‍ പലരുടേയും അനുവാദം വാങ്ങേണ്ടി വന്നേക്കാം അതിനാല്‍ മീശയുടെ പ്രസിദ്ധീകരണം ഞങ്ങള്‍ നിര്‍വഹിക്കുകയാണെന്ന് ഡി സി ബുക്സ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
ഡിസി ബുക്ക് ഇറക്കിയ വാര്‍ത്താ കുറിപ്പിന്റെ പൂര്‍ണരൂപം :
പ്രിയമുള്ളവരേ,
എസ് ഹരീഷിന്റെ മീശ ഞങ്ങള്‍ പ്രസിദ്ധീകരിക്കുകയാണ്. മലയാളം വാരിക, ദേശാഭിമാനി, ഗ്രീന്‍ബുക്സ്, ഇന്‍സൈറ്റ് പബ്ലിക്ക, സൃഷ്ടി എന്നിവര്‍ അതിന്റെ പ്രസിദ്ധീകരണം ഏറ്റെടുക്കാമെന്ന് അറിയിപ്പിട്ടിരുന്നെങ്കിലും എസ് ഹരീഷ് മുന്‍ പുസ്തകങ്ങളെപ്പോലെ ഡി സി ബുക്സിനെ ഏല്‍പ്പിക്കുകയാണ് ചെയ്തത്. അതിനാല്‍ത്തന്നെ അതിന്റെ പ്രസീദ്ധീകരണം നിര്‍വ്വഹിക്കുക എന്നത് ഞങ്ങളുടെ കര്‍ത്തവ്യമായി ഏറ്റെടുത്തു. എക്കാലത്തും എഴുത്തുകാരോടും വായനക്കാരോടൊപ്പമാണ് ഞങ്ങള്‍. മീശ ഇപ്പോള്‍ ഇറക്കാതിരിക്കുകയാണെങ്കില്‍ മലയാളത്തില്‍ ഇനിയൊരു നോവലോ കഥയോ പ്രസിദ്ധീകരിക്കല്‍ അസാധ്യമായി വന്നേക്കാം. ബഷീറിന്റെയോ വി കെ എന്റെയോ ചങ്ങമ്പുഴയുടെയോ വി ടി യുടെയോ ഇന്നത്തെ എഴുത്തുകാരുടെയോ കൃതികള്‍ പ്രസിദ്ധീകരിക്കുന്നതിന് പലരുടെയും അനുവാദം വാങ്ങേണ്ടിയും വന്നേക്കാം. അതിനാല്‍ മീശയുടെ പ്രസിദ്ധീകരണം ഞങ്ങള്‍ നിര്‍വ്വഹിക്കുന്നു, താങ്കളുടെ സര്‍വ്വ പിന്തുണയും ഉണ്ടാകുമെന്ന ഉറപ്പോടെ.
സ്നേഹത്തോടെ,
ഡി സി ബുക്സ് പ്രസിദ്ധീകരണ വിഭാഗം
എന്നാല്‍, എസ് ഹരീഷ് മാതൃഭൂമിയില്‍ നിന്നും പിന്‍വലിച്ച നോവല്‍ ദിവസങ്ങള്‍ക്കകം ഡി സി പ്രസിദ്ധീകരിക്കുമ്പോള്‍ അതിലെ കച്ചവടയുക്തിയെ ചോദ്യം ചെയ്തുകൊണ്ടുള്ള പ്രതികരണങ്ങളും സോഷ്യല്‍ മീഡിയയില്‍ സജീവമാകുന്നുണ്ട്.
ശ്രീചിത്രന് എം ജെ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിന്റെ പൂര്‍ണരൂപം :
മീശ ഡിസി ബുക്സ് പുറത്തിറക്കുന്നതായി അറിയുന്നു. സന്തോഷം. ഞാനൊരു കോപ്പി വാങ്ങും. ഒറ്റക്കാരണമേ അതിനു വേണ്ടൂ മതതീവ്രവാദത്തിന്റെ ഭീഷണി നേരിട്ടു. അത്രമാത്രം. അതു ധാരാളമാണ്.
പക്ഷേ, ഇപ്പോള്‍ തോന്നുന്നത് പറഞ്ഞു പോവണം എന്നു കരുതുന്നു.
മീശ വിവാദത്തില്‍ എനിക്കറിയാത്ത കാര്യങ്ങളുടെ മേല്‍ ഒരു അഭിപ്രായ പ്രകടനത്തിനും ഇതുവരെ നിന്നിട്ടില്ല. നോവലിസ്റ്റ് നോവല്‍ പിന്‍വലിച്ചതിന്റെ യഥാര്‍ത്ഥ കാരണം എനിക്കറിയുകയുമില്ല. ആകെ വിശ്വാസത്തിലെടുക്കുന്നത് നോവലിസ്റ്റിന്റെ വിശദീകരണക്കുറിപ്പ് മാത്രമാണ്. അതില്‍ നിന്ന് എനിക്ക് മനസ്സിലായ കാര്യങ്ങള്‍ ഇത്രയുമാണ്:
1) സംഘികളുടെ ഭീഷണികള്‍ക്ക് മുന്നില്‍ പിടിച്ചു നില്ക്കാനാവാതെ ആണ് നോവല്‍ പിന്‍വലിക്കുന്നത്.
2) മാതൃഭൂമി പ്രസിദ്ധീകരിക്കാന്‍ അനുകൂല നിലപാട് എടുക്കുന്നുണ്ട് എങ്കിലും, പൊതുസമൂഹത്തിന്റെ പിന്തുണ ഇത്രയുമുണ്ട് എങ്കിലും നോവല്‍ തുടരാന്‍ ഉദ്ദേശിക്കുന്നില്ല.
3) മലയാളിസമൂഹം മീശ എന്ന നോവല്‍ വായിക്കാന്‍ പ്രാപ്തമായി എന്ന് ബോധ്യപ്പെടുന്ന സമയം വന്ന ശേഷം നോവല്‍ പ്രസിദ്ധീകരിക്കും.
ഇപ്പോള്‍ ഡി സി യില്‍ ഹരീഷ് നോവല്‍ ഏല്‍പ്പിച്ചതോടെ മനസ്സിലായ കാര്യങ്ങള്‍:
1) ഏതാണ്ട് നാലു ദിവസം മുമ്പുവരെ ശക്തമായിരുന്ന സംഘി ഭീഷണി ഇപ്പോള്‍ ഇല്ല. അല്ലെങ്കില്‍ സംഘികള്‍ സകലരും മരിച്ചു പോയിരിക്കുന്നു. അതുമല്ലെങ്കില്‍ പൊതുസമൂഹത്തിന്റെ പിന്തുണ ഈ നാലു ദിവസത്തിനിടെ എന്നോ സൂര്യനുദിച്ചപ്പോഴാണ് നോവലിസ്റ്റിന് മനസ്സിലായത്.
2) മാതൃഭൂമിയുടെ പിന്തുണ പോലെയല്ല ഡിസിയുടെ പിന്തുണ. ഒരു ഒന്നൊന്നര പിന്തുണയാണ്.
3) കഴിഞ്ഞ മൂന്നുനാലു ദിവസത്തിനകം മലയാളി സമൂഹം ഒരു വലിയ വിചാരമാതൃകാവ്യതിയാനത്തിലൂടെ (paradigm shift) കടന്നു പോയിരിക്കുന്നു. വളരെ വേഗം മീശ വായിക്കാനുള്ള ഭാവുകത്വ പ്രാപ്തി ഈ സമൂഹം ആര്‍ജിച്ചിരിക്കുന്നു.
എല്ലാം വിശ്വസിച്ചു.പ്രൈസ് ദ ലോഡ്. സ്തോത്രം സ്തോത്രം.
സന്തോഷം. മീശ മുറിഞ്ഞില്ലല്ലോ.
01-Aug-2018
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ