ചൈനീസ് ഫണ്ടിങ് ആരോപണത്തിൽ ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബീർ പുരകായസ്ത കസ്റ്റഡിയിൽ. ചാനലിനെതിരെ യുഎപിഎ ആക്ട് പ്രകാരമാണ് കേസ് എടുത്തിട്ടുളളത്. ഓഫീസിലെ റെയ്ഡിന് പിന്നാലെ ഡൽഹി പൊലീസ് ആണ് പ്രബീർ പുരകായസ്തയെ കസ്റ്റഡിയിലെടുത്തത്.
ചോദ്യം ചെയ്യലിനായി പുരകായസ്തയെ ഡൽഹി പൊലീസ് സ്പെഷ്യൽ സെൽ ഓഫീസിലേക്ക് കൊണ്ടുവന്നിരുന്നു. ഇതിന് പിന്നാലെയാണ് കസ്റ്റഡിയിലെടുത്തത്.അതേസമയം ന്യൂസ് ക്ലിക്കിനെതിരായ നടപടിയിൽ പ്രതിഷേധിച്ച് മാധ്യമ സംഘടനകളും ഇൻഡ്യ മുന്നണിയും രംഗത്തെത്തിയിട്ടുണ്ട്. എൻഎജെ, ഡിയുജെ, കെയുഡബ്ല്യുജെ ഡൽഹി ഘടകം എന്നീ സംഘടനകളാണ് വിമർശനമുയർത്തിയത്.
മാധ്യമ പ്രവർത്തകരുടെ വസതിയിലെ റെയ്ഡ് മാധ്യമസ്വാതന്ത്ര്യം ഇല്ലാതാക്കാനുള്ള കേന്ദ്ര നടപടിയാണ്. രാഷ്ട്രീയ അജണ്ടയുടെ ഭാഗമായി കേന്ദ്രം മാധ്യമ പ്രവർത്തകരെ വേട്ടയാടുന്നുവെന്നും സംഘടനകൾ ആരോപിച്ചു.ചൈനീസ് ബന്ധം ഉണ്ടെന്ന് ആരോപിക്കപ്പെടുന്ന ന്യൂസ് ക്ലിക്കിലെ മാധ്യമ പ്രവര്‍ത്തകര്‍ താമസിക്കുന്ന മുപ്പതോളം ഇടങ്ങളിലാണ് ഡൽഹി പൊലീസ് സ്പെഷ്യൽ സെൽ പരിശോധന നടത്തിയത്. പരിശോധനയില്‍ ലാപ്‌ടോപ്, മൊബൈല്‍ ഫോണ്‍, ഹാര്‍ഡ് ഡിസ്‌ക് അടക്കമുള്ളവ പിടിച്ചെടുത്തു.