2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പരാജയ ഭയത്തെ തുടർന്നാണ് ബിജെപി ഇത്തരം നിരാശാജനകമായ നടപടികളിലേക്ക് നീങ്ങന്നതെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പറഞ്ഞു. എഎപി നേതാവ് സഞ്ജയ് സിങ്ങിന്റെ വസതിയിൽ ഇഡി നടത്തിയ റെയ്ഡിനെതിരെയാണ് കെജ്‌രിവാളിന്റെ പരാമർശം. ഇത്തരം റെയ്ഡുകൾ നടക്കുന്നതിൽ ഭയപ്പെടേണ്ട കാര്യമില്ലെന്നും എഎപി ദേശീയ കൺവീനർ പറഞ്ഞു.
ഡൽഹി എക്‌സൈസ് നയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എഎപി എംപി സഞ്ജയ് സിംഗിന്റെ വീട്ടിൽ ബുധനാഴ്ച രാവിലെ ഇഡി റെയ്ഡ് നടത്തിയെന്ന് ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു. കേസുമായി ബന്ധമുള്ള മറ്റുള്ളവരുടെ സ്ഥലങ്ങളും റെയ്ഡ് ചെയ്യുന്നുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
"കഴിഞ്ഞ ഒരു വർഷമായി ആരോപിക്കപ്പെടുന്ന മദ്യ അഴിമതിയെക്കുറിച്ച് ഇഡി അന്വേഷിക്കുന്നു, എന്നാൽ ഇതുവരെ ഒന്നും കണ്ടെത്തിയില്ല. സഞ്ജയ് സിങ്ങിന്റെ വസതിയിൽ നിന്നും ഒന്നും കണ്ടെത്താനായില്ല. പരാജയത്തിലേക്ക് നീങ്ങുമ്പോൾ ബിജെപി നിരാശാജനകമായ നടപടികളിലേക്ക് തിരിയുന്നു. അതാണ് ഇപ്പോൾ സംഭവിക്കുന്നത്. ഓഖ്‌ലയിലെ മാലിന്യനിക്ഷേപകേന്ദ്രം സന്ദർശിക്കവേ കെജ്‌രിവാൾ മാധ്യമപ്രവർത്തകരോട് പറഞ്ഞു. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇത്തരം റെയ്ഡുകൾ വർധിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.