എഫ്‌ഐആറിന്റെ പകർപ്പ് വേണമെന്ന് പ്രബീർ പുർകയസ്തയുടെ അഭിഭാഷകർ
അഡ്മിൻ
ന്യൂസ്‌ക്ലിക്ക് ഓൺലൈൻ ന്യൂസ് പോർട്ടലിനെതിരായ എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്ഥാപകൻ പ്രബിർ പുർക്കയസ്ത ഡൽഹി ഹൈക്കോടതിയെ സമീപിക്കും. ന്യൂസ്‌ക്ലിക്ക് ചൈന അനുകൂല പ്രചരണത്തിന് പണം കൈപ്പറ്റിയെന്നാണ് ആരോപണം. ഇതേ തുടർന്ന് യുഎപിഎ പ്രകാരം ചൊവ്വാഴ്ചയാണ് പുർക്കയസ്തയെ അറസ്റ്റ് ചെയ്തത് .
ന്യൂസ്‌ക്ലിക്കുമായി ബന്ധപ്പെട്ട നിരവധി മാധ്യമപ്രവർത്തകരുടെയും ജീവനക്കാരുടെയും വീടുകളിൽ ഡൽഹി പോലീസ് റെയ്ഡ് നടത്തിയതിന് പിന്നാലെയായിരുന്നു അറസ്റ്റ്. ആറ് മണിക്കൂറോളം 46 പേരെ പോലീസ് ചോദ്യം ചെയ്തു.
ന്യൂസ്‌ക്ലിക്കിലെ ഹ്യൂമൻ റിസോഴ്‌സ് മേധാവി അമിത് ചക്രവർത്തിയും പുർകയസ്തയ്‌ക്കൊപ്പം അറസ്റ്റിലായിട്ടുണ്ട്. അറസ്റ്റിന് ഒരു ദിവസത്തിന് ശേഷം, ന്യൂസ് ക്ലിക്ക് സ്ഥാപകനെ ബുധനാഴ്ച ഡൽഹി കോടതിയിൽ ഹാജരാക്കി. കോടതി ഏഴ് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. ദിവസത്തിൽ ഒരു മണിക്കൂർ അഭിഭാഷകരെ കാണാൻ അദ്ദേഹത്തിന് അനുമതി നൽകിയിട്ടുണ്ട്.
ന്യൂസ്‌ക്ലിക്കിനെതിരായ എഫ്‌ഐആറിന്റെ പകർപ്പ് ആവശ്യപ്പെട്ട് പ്രബിർ പുർകയസ്തയും അമിത് ചക്രവർത്തിയും നൽകിയ ഹർജിയെത്തുടർന്ന് കോടതി, ഡൽഹി പോലീസിന് നോട്ടീസ് അയച്ചു. എഫ്‌ഐആറിന്റെ പകർപ്പ് നൽകാതെയാണ് പോലീസ് റെയ്ഡ് നടത്തിയതെന്ന് ന്യൂസ് പോർട്ടൽ പ്രസ്താവന ഇറക്കിയിരുന്നു.