ഇന്ത്യൻ നിര്‍മ്മിത ചുമ മരുന്നിലും വിഷാംശം

ചുമയ്ക്കുള്ള ഇന്ത്യന്‍ നിര്‍മ്മിതമായ മരുന്നില്‍ അപകടകരമായ പദാര്‍ത്ഥങ്ങളുടെ സാന്നിധ്യം കണ്ടെത്തി. ആഗോളതലത്തില്‍ 141 കുട്ടികളുടെ മരണത്തിന് ഇന്ത്യന്‍ നിര്‍മ്മിത ചുമ മരുന്നുകള്‍ കാരണമായെന്ന് കണ്ടെത്തി മാസങ്ങള്‍ക്കിപ്പുറമാണ് കണ്ടെത്തല്‍. ചുമയ്ക്കും അലര്‍ജിക്കുമുള്ള മരുന്നുകളാണ് അപകടകാരികളെന്ന് കണ്ടെത്തിയത്.

നോറിസ് മെഡിസിന്‍ നിര്‍മ്മിക്കുന്ന ചുമ മരുന്നുകള്‍ക്കെതിരെയാണ് കണ്ടെത്തല്‍. ഡൈ എത്തിലീന്‍ ഗ്ലൈക്കോള്‍, എത്തിലീന്‍ ഗ്ലൈക്കോള്‍ എന്നിവയുടെ സാന്നിധ്യമാണ് കണ്ടെത്തിയിരിക്കുന്നത്. ഗാബിയ, ഉസ്ബെക്കിസ്ഥാന്‍, കാമറൂണ്‍ എന്നിവിടങ്ങളിലായി കുട്ടികളുടെ മരണത്തിനിടയാക്കിയ ചുമ മരുന്നില്‍ കണ്ടെത്തിയ പദാര്‍ത്ഥങ്ങളാണ് ഇവ. രണ്ട് വര്‍ഷത്തിനിടെ ആദ്യമായാണ് സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡാര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ ഈ പദാര്‍ത്ഥങ്ങളുടെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

കഴിഞ്ഞ മാസം നോറിസ് ഫാക്ടറി സന്ദര്‍ശനം നടത്തിയ ശേഷം മരുന്നുകളുടെ നിര്‍മ്മാണം നിര്‍ത്താനും മരുന്നുകള്‍ തിരിച്ച് വിളിക്കാനും നിര്‍ദ്ദേശം നല്‍കിയതായി ഗുജറാത്ത് ഫുഡ് ആന്‍ ഡ്രഗ്സ് കണ്‍ട്രോള്‍ അഡ്മിനിസ്ട്രേഷന്‍ കമ്മീഷണര്‍ എച്ച് ജി കോശിയ വിശദമാക്കിയിട്ടുണ്ട്. മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ കമ്പനിക്ക് വീഴ്ച സംഭവിച്ചതായും കോശിയ പറഞ്ഞു.

ആവശ്യത്തിന് വെള്ളം, എയര്‍ ഹാന്‍ഡിലിംഗ് യൂണിറ്റ് എന്നിവ ഫാക്ടറിയില്‍ ഇല്ലെന്നും കോശിയ പറഞ്ഞു. നേരത്തെ ഇറാഖില്‍ വിറ്റ ഒരു ഇന്ത്യന്‍ നിര്‍മ്മിത ചുമ മരുന്നിലും ഈ വിഷ പദാര്‍ത്ഥങ്ങളുടെ സാന്നിധ്യം കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു. നേരത്തെ നോയിഡ കേന്ദ്രമായ മാരിയോണ്‍ ബയോടെക് ഉല്‍പാദിപ്പിക്കുന്ന 'ഡോക്-1-മാക്സ്' (DOK-1 Max), അബ്റോണോള്‍ (AMBRONOL)എന്നീ രണ്ട് മരുന്നുകള്‍ ഉപയോഗിക്കരുതെന്ന് ലോകാരോ​ഗ്യസംഘടന നിര്‍ദ്ദേശിച്ചിരുന്നു.

സാംപിളുകള്‍ പരിശോധിച്ചതിന് പിന്നാലെ ഗുണനിലവാരം ഇല്ല എന്ന കണ്ടെത്തലിന്‍റെ പേരിലാണ് ലോകാരോ​ഗ്യസംഘടന ഇത്തരമൊരു ശുപാര്‍ശ നടത്തിയത്. ഡൈ എത്തിലീന്‍ ഗ്ലൈക്കോള്‍ എന്ന രാസവസ്തുവിന്‍റെ സാന്നിധ്യം കഫ് സിറപ്പുകളിലുണ്ടായിരുന്നുവെന്നാണ് ഉസ്ബെക്കിസ്ഥാന്‍ ആരോഗ്യമന്ത്രാലയത്തിന്‍റെ കണ്ടെത്തിയത്. ഇതേ രാസവസ്തുവാണ് നിലവില്‍ നോറിസ് മെഡിസിന്റെ കഫ് സിറപ്പുകളില്‍ കണ്ടെത്തിയിരിക്കുന്നത്.

06-Oct-2023