ന്യൂസ് ക്ലിക് ; കേരളത്തിൽ മാധ്യമപ്രവർത്തകയുടെ വീട്ടിൽ ഡൽഹി പൊലീസിന്റെ റെയ്ഡ്

കേരളത്തിലും ന്യൂസ് ക്ലിക്ക് ജീവനക്കാരിയുടെ വീട്ടിൽ ഡൽഹി പൊലീസിന്റെ പരിശോധന. ന്യൂസ് ക്ലിക് വീഡിയോഗ്രാഫർ അനുഷ പോളിന്റെ പത്തനംതിട്ട കൊടുമണ്ണിലെ വീട്ടിലാണ് പരിശോധന നടന്നത്.
അനുഷയുടെ ലാപ്ടോപ്പും മൊബൈൽ ഫോണും കസ്റ്റഡിയിലെടുത്തു.

അനുഷയുടെ മൊഴി രേഖപ്പെടുത്തി. കേരള പൊലീസിനെ അറിയിച്ച ശേഷമായിരുന്നു പരിശോധന.
ന്യൂസ് ക്ലിക് ചൈനീസ് അനുകൂല പ്രചാരണം നടത്തുന്നതിനായി വിദേശഫണ്ട് കൈപ്പറ്റിയെന്നാണ് കേസ്. ന്യൂസ് ക്ലിക്കിനെതിരെ ഗുരുതര ആരോപണങ്ങളാണ് ദില്ലി പൊലീസിന്റെ എഫ്‌ഐആറില്‍ ഉള്ളത്.

അതേസമയം , ഡൽഹിയിലെ റെയ്‌ഡില്‍ പ്രതിഷേധം അറിയിച്ച് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്തെത്തിയിരുന്നു . മാധ്യമസ്വാതന്ത്ര്യം തകര്‍ന്നു എന്നതിന്റെ വ്യക്തമായ തെളിവാണ് ഡൽഹിയിൽ "ന്യൂസ്‌ക്ലിക്ക്‌' മായി ബന്ധപ്പെട്ട്‌ നടന്ന റെയ്‌ഡ്‌. ഇതാണ് രാജ്യത്തെ മാധ്യമ സ്വാതന്ത്ര്യത്തിന്റെ അവസ്ഥ.

എന്താണ് അന്വേഷിക്കുന്നതെന്നോ റെയ്‌ഡ് എന്തിനെന്നും അറിയില്ല. എന്ത് കുറ്റങ്ങളാണ് ന്യൂസ്‌ക്ലിക്ക് മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ ചുമത്തിയതെന്നും അറിയില്ല. എന്താണ് ഭീകരവാദ ബന്ധം എന്നും അറിയില്ലെന്നും ഭീതിയുടെ അന്തരീക്ഷം സൃഷ്‌ടിക്കാനുള്ള ശ്രമം നടക്കുന്നുവെന്നും യെച്ചൂരി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു

06-Oct-2023