ഇടുക്കി, ചെറുതോണി ഡാം തുറക്കാന്‍ സാധ്യതയില്ല

ഇടുക്കി : ഇടുക്കി അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതിനാല്‍ ഡാമിന്റെ ഷട്ടറുകള്‍ തുറക്കാനുള്ള സാധ്യത ഇല്ലെന്ന് സൂചന. ഇപ്പോള്‍ ജലനിരപ്പ് 2395.84 അടിയാണ്. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞതും ഉയരം വര്‍ധിക്കുന്നതനുസരിച്ച് ജലപ്പരപ്പിന്റെ വിസ്തൃതി കൂടുന്നതും മൂലം വളരെ സാവധാനമാണ് ജലനിരപ്പ് ഉയരുന്നത്. 24 മണിക്കൂറിനുള്ളില്‍ 0.68 അടി മാത്രമാണ് ജലനിരപ്പ് ഉയര്‍ന്നിരിക്കുന്നത്.

ഇന്ന് ജലനിരപ്പ് 2396 അടിയിലേക്ക് എത്തുമോ എന്നതിന് ഉറപ്പൊന്നുമില്ല. ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കുവാനുള്ള സാധ്യത ജലനിരപ്പ് ഉയര്‍ന്നാല്‍ മാത്രമേ ഉണ്ടാവുകയുള്ളു. 2013ല്‍ 2401.5 അടി വരെ എത്തിയിട്ടും ഷട്ടര്‍ തുറന്നിരുന്നില്ല. ജലനിരപ്പ് 2395അടി പിന്നിട്ടതോടെ വൈദ്യുതി ബോര്‍ഡ് രണ്ടാമത്തെ ജാഗ്രതാ നിര്‍ദ്ദേശമായ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിരുന്നു. 2397 അടിയായാല്‍ പരീക്ഷണാര്‍ത്ഥം ഷട്ടറുകള്‍ തുറക്കാമെന്നാണ് തീരുമാനം.

ഡാം തുറക്കേണ്ടി വന്നാല്‍ ഘട്ടം ഘട്ടമായി മാത്രമേ തുറക്കൂ എന്നും ആശങ്ക വേണ്ടെന്നും വൈദ്യുതി മന്ത്രി എം എം മണി വ്യക്തമാക്കിയിട്ടുണ്ട്. ഡാം തുറക്കേണ്ട സാഹചര്യം നിലവിലില്ലെന്ന് അണക്കെട്ട് സന്ദര്‍ശിച്ച ജലവിഭവമന്ത്രി മാത്യു ടി. തോമസും വ്യക്തമാക്കി. മാധ്യമ പ്രവര്‍ത്തകരുടെ വാര്‍ത്തകള്‍ക്കനുസരിച്ച് ഡാമിന്റെ ഷട്ടറുകള്‍ തുറക്കാനും ഡാമിനകത്തെ മീനുകളെ കുറിച്ച് സ്‌റ്റോറി ചെയ്യാനുള്ള സാഹചര്യമുണ്ടാക്കാനും സാധിക്കില്ലെന്ന് ചുമതലയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു.

മൂലമറ്റം വൈദ്യുതി നിലയത്തില്‍ പരമാവധി ഉല്‍പ്പാദനം നടത്തുന്നതിനാല്‍ ജലനിരപ്പ് ഇനി ഉയരുവാനുള്ള സാധ്യതയില്ലെന്നാണ് വിദഗ്ധരുടെ നിരീക്ഷണം. കെ എസ് ഇ ബി ജനറേഷന്‍ വിഭാഗമാവട്ടെ പരമാവധി വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്. ഇന്നലെ ഇടുക്കിയില്‍ 3.66 സെ.മീ. മഴയാണു ലഭിച്ചത്. എന്നാല്‍ മഴ തുടരുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരാനിടയുണ്ട്. ഇടുക്കിയിലും അതിനുള്ള സാധ്യത തള്ളിക്കളയാനാകില്ല.

മുഖ്യമന്ത്രിയുടെ ഓഫീസ് ഓരോ അഞ്ചുനിമിഷത്തിലും ഇടുക്കിയിലെ സ്ഥിതിഗതികള്‍ മനസിലാക്കുന്നുണ്ട്. വേണ്ട നിര്‍ദേശങ്ങള്‍ നല്‍കാന്‍ വിദഗ്ധര്‍ ഇരുപത്തിനാലു മണിക്കൂറും തയ്യാറായി ഇരിക്കയുമാണ്. ഏത് സാഹചര്യത്തെയും നേരിടാനുള്ള എല്ലാ തയ്യാറെടുപ്പുകളും സംസ്ഥാനം കൈക്കൊണ്ടിട്ടുണ്ട്. പ്രതിപക്ഷവും ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളുടെ തയ്യാറെടുപ്പുകളില്‍ പൂര്‍ണാര്‍ത്ഥത്തില്‍ സഹകരിക്കുകയാണ്.

01-Aug-2018