ജനതാദൾ എസ് ജനാധിപത്യ സോഷ്യലിസ്റ്റ് മതേതര പ്രസ്ഥാനമായി തന്നെ തുടരുമെന്ന് സംസ്ഥാന പ്രസിഡന്റ് മാത്യു ടി തോമസ് എംഎൽഎ. ബിജെപിക്ക് ബദലാകാൻ കോൺഗ്രസിന് കഴിയില്ല എന്ന തിരിച്ചറിവിലാണ് ജെഡിഎസ് പ്രവർത്തിക്കുന്നത്. ഈ നയത്തിന്റെ അടിസ്ഥാനത്തിലാണ് കർണാടക തിരഞ്ഞെടുപ്പിൽ പ്രവർത്തിച്ചത്.
ബിജെപിയേയും കോൺഗ്രസിനേയും എതിർക്കുക എന്ന നയമാണ് കർണാടക തിരഞ്ഞെടുപ്പിൽ സ്വീകരിച്ചത്. എന്നാൽ ഒരു ചർച്ചയും ഇല്ലാതെ ബിജെപിയുമായി സഹകരിക്കാൻ ദേശീയ നേതൃത്വം തീരുമാനിച്ചു. സംസ്ഥാന നേതൃത്വം ഈ തീരുമാനത്തിനൊപ്പമില്ല. സംസ്ഥാന നേതൃത്വം എൽഡിഎഫിനൊപ്പം ഉറച്ചു നിൽക്കും. ദേശീയ നേതൃത്വത്തിന്റെ തീരുമാനം തള്ളി കളയുന്നുവെന്നും മാത്യു ടി തോമസ് പറഞ്ഞു.
തുടർ നടപടികൾ വൈകാതെ തീരുമാനിക്കും. മറ്റ് സംസ്ഥാനങ്ങളിലെ നേതാക്കളുമായി സംസാരിക്കും. ലയനത്തെ കുറിച്ച് ഇപ്പോൾ ആലോചിക്കുന്നില്ല. ലയന സാധ്യത ഒരിക്കലുമുണ്ടാകില്ല എന്ന് പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഒക്ടോബർ 11ന് സംസ്ഥാന സമിതി യോഗം വീണ്ടും ചേരും. തിരുവനന്തപുരത്താണ് യോഗം ചേരുക. സിപിഐഎമ്മിന്റെ അംഗീകാരത്തിനായി അപേക്ഷ നൽകിയിട്ടില്ല. ഏത് സാഹചര്യത്തെയും നേരിടാനുള്ള തീരുമാനവുമായാണ് പാർട്ടി മുന്നോട്ട് പോകുന്നതെന്നും പ്രതിസന്ധി ചർച്ച ചെയ്യാൻ കൊച്ചിയിൽ ചേർന്ന യോഗത്തിന് ശേഷം മാത്യു ടി തോമസ് പറഞ്ഞു.