ആരോഗ്യമന്ത്രിയുടെ സ്റ്റാഫിനെതിരായ ആരോപണ വാര്‍ത്തയ്ക്ക് അധികകാലം ആയുസ്സുണ്ടായില്ല: മുഖ്യമന്ത്രി

സാധാരണ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് മാറ്റം സംഭവിക്കുന്നു. രാഷ്ട്രീയ എതിരാളികളെ എങ്ങനെ തേജോവധം ചെയ്യാം എന്നാണ് ഇപ്പോള്‍ ആലോചിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വേങ്ങാട് ലോക്കല്‍ കുടുംബസംഗമത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഓഫീസിനെ ബന്ധപ്പെടുത്തി ഉയര്‍ന്നുവന്ന നിയമനതട്ടിപ്പ് ആരോപണം ചൂണ്ടിക്കാണിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ആരോഗ്യമന്ത്രിയുടെ സ്റ്റാഫിനെതിരായ ആരോപണ വാര്‍ത്തയ്ക്ക് അധികകാലം ആയുസ്സുണ്ടായില്ല. ആരോപണം ഉന്നയിക്കപ്പെട്ടയാള്‍ തിരുവനന്തപുരത്ത് ഉണ്ടായില്ല എന്ന് വ്യക്തമായി. ഗൂഢാലോചനയുടെ ഭാഗമായി വന്ന വാര്‍ത്തയാണെന്ന് ഇപ്പോള്‍ എല്ലാവര്‍ക്കും ബോധ്യമായി. സൂത്രധാരനെ കയ്യോടെ പിടികൂടി.

ഗൂഢാലോചനയ്ക്ക് പിന്നില്‍ വ്യക്തികളും മാധ്യമ സ്ഥാപനങ്ങളുമുണ്ട്. നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന വകുപ്പാണ് ആരോഗ്യ വകുപ്പ്. നിപ നേരിടുന്നതില്‍ മികച്ച പ്രവര്‍ത്തനം നടത്തിയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു. 1996ല്‍ പയ്യന്നൂരില്‍ നിന്നും മത്സരിച്ച സമയത്തെ അനുഭവവും മുഖ്യമന്ത്രി അനുസ്മരിച്ചു. 'അന്ന് ഇതുപോലൊരാള്‍ പരാതിയുമായി പ്രത്യക്ഷപ്പെട്ടു. ഒരാള്‍ ഈ തിരഞ്ഞെടുപ്പിന്റെ ഘട്ടത്തില്‍ തിരഞ്ഞെടുപ്പിന് ശേഷം ഞാന്‍ മന്ത്രിയാകാന്‍ ഇടയുണ്ട് മാത്രമല്ല വൈദ്യുതി വകുപ്പാണ് കൈകാര്യം ചെയ്യുക എന്നവകാശപ്പെട്ടെന്നും അതിന്റെ ഭാഗമായി കോടികള്‍ ഒരാളുടെ കൈയ്യില്‍ കൊടുത്തുവെന്നും ആ വ്യക്തി കണ്ണൂരില്‍ വന്ന് എന്റെ കൈയ്യില്‍ ഇത്രയും കോടി തന്നു എന്നായിരുന്നു പരാതി.

അന്വേഷണ ഏജന്‍സിക്ക് നേരിട്ട് പരാതി നല്‍കുകയായിരുന്നു. സാധാരണനിലയില്‍ ഒരു തിരഞ്ഞെടുപ്പ് കഴിഞ്ഞാലല്ലെ ആരെയാണ് മന്ത്രിയാക്കേണ്ടതെന്ന് അതത് പാര്‍ട്ടികള്‍ തീരുമാനിക്കുക. ഇത് തന്റെ പ്രശ്‌നമായി പറഞ്ഞതല്ലെന്നും അന്നത് ഒറ്റപ്പെട്ട രീതിയായിരുന്നെന്നും ഇപ്പോഴത്തരത്തില്‍ വ്യാപകമായൊരു രീതി വരുന്നത് കാണണമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.

സ്വര്‍ണ്ണക്കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ടും ഇത്തരത്തില്‍ തെറ്റിദ്ധാരണ പരത്താന്‍ ശ്രമിച്ചതും എന്നാല്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മികച്ച ഭൂരിപക്ഷം നേടി അധികാരത്തില്‍ വന്നതും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു. 'നമ്മുടെ സംസ്ഥാന അന്തരീക്ഷം പരിശോധിച്ചാല്‍ 2016ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. തുടര്‍ന്ന് 2019ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് വന്നു. അന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ഒരു സീറ്റ് മാത്രമേ നേടാന്‍ സാധിച്ചുള്ളു. അന്ന് യുഡിഎഫ് വമ്പിച്ച വിജയം നേടി.

ഇതേ തുടര്‍ന്ന് 2021ലെ നിയമസഭാ തിരഞ്ഞെടുപ്പ് വന്നാല്‍ എളുപ്പത്തില്‍ കടന്നുകയറാം എന്ന ധാരണയിലാണ് യുഡിഎഫ് നിന്നത്. എന്നാല്‍ പിന്നീട് തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പ് വന്നപ്പോള്‍ 2019ലെ അവസ്ഥയല്ലെന്ന് 2020ല്‍ തന്നെ തിരിഞ്ഞു. ആ തിരഞ്ഞെടുപ്പില്‍ നല്ലനിലയില്‍ ജയിച്ച് വരാന്‍ എല്‍ഡിഎഫിനായി.

2021ല്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ വലിയരീതിയില്‍ വിശ്വാസതകര്‍ച്ച നടക്കുന്ന പ്രചാരണങ്ങള്‍ ഇടതുമുന്നണിക്കെതിരെ വേണമെന്ന് കണ്ടു. അതിനായി കോണ്‍ഗ്രസും കേന്ദ്ര ഭരണകക്ഷി ബിജെപിയും തമ്മില്‍ അവസരവാദപരമായ നീക്കുപോക്ക് ഉണ്ടാക്കുന്ന നിലവന്നു. എല്ലാക്കാര്യങ്ങളും സംയുക്തമായി ആലോചിക്കുന്ന നിലവന്നു. അങ്ങനെ വലിയ പ്രചാരണം എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ അടിച്ചുവിട്ടു. ആ കാലത്ത് നടന്ന ഒരു സ്വര്‍ണ്ണക്കള്ളടത്ത് കേസില്‍ യുക്തമായ നടപടിയെടുക്കണമെന്ന് സംസ്ഥാന സര്‍ക്കാരാണ് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടത്.

എന്നാല്‍ സംസ്ഥാനഗവര്‍ണമെന്റിനെ തന്നെ ഇതിന്റെ ഭാഗമായി പ്രതിക്കൂട്ടിലാക്കാന്‍, ഉത്തരവാദിത്വപ്പെട്ട ആളുകളെ തന്നെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്താന്‍ നടപടികളുണ്ടായി. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ അതിന്റെ ഭാഗമായി ഇവിടെ വട്ടമിട്ട് പറക്കുന്ന സ്ഥിതിയുണ്ടായി. ഇതോടെ എല്‍ഡിഎഫിന്റെ പരാജയം യുഡിഎഫ് ഉറപ്പിച്ചു. ജയിച്ച് കഴിഞ്ഞാല്‍ ആരൊക്കെ മന്ത്രിമാരാകണം എന്ന പട്ടികവരെ യുഡിഎഫ് തയ്യാറാക്കി. എന്നാല്‍ ജനങ്ങള്‍ ഒന്നും വിശ്വസിച്ചില്ല. എല്‍ഡിഎഫ് അധികാരത്തില്‍ വന്നു. യുഡിഎഫിനും ബിജെപിക്കും നിരാശമാത്രമായിരുന്നു ഫലമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.

07-Oct-2023