സംഘർഷം തുടരുന്നു; മണിപ്പൂരിൽ ഇന്റർനെറ്റ് നിരോധനം ഒക്ടോബർ 11 വരെ നീട്ടി
അഡ്മിൻ
മണിപ്പൂരിലെ ഇന്റർനെറ്റ് നിരോധനം ഒക്ടോബർ 11 വരെ നീട്ടിയതായി പോലീസ് അറിയിച്ചു. സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽ അശാന്തിയും അക്രമ സംഭവങ്ങളും വീണ്ടും ഉണ്ടായ സാഹചര്യത്തിലാണ് തീരുമാനം. അക്രമം പ്രോത്സാഹിപ്പിക്കാനും വിദ്വേഷ പ്രസംഗം നടത്താനും സോഷ്യൽ മീഡിയ ഉപയോഗിക്കപ്പെടുമെന്ന ആശങ്കയുണ്ടെന്ന് മണിപ്പൂർ പോലീസ് ഡയറക്ടർ ജനറൽ പറഞ്ഞു.
“ജനങ്ങളുടെ വികാരങ്ങളെ പ്രകോപിപ്പിക്കുന്ന ചിത്രങ്ങൾ, വിദ്വേഷ പ്രസംഗങ്ങൾ, വിദ്വേഷ വീഡിയോ സന്ദേശങ്ങൾ എന്നിവ പ്രചരിപ്പിക്കുന്നതിന് ചില സാമൂഹിക വിരുദ്ധർ സോഷ്യൽ മീഡിയ വ്യാപകമായി ഉപയോഗിക്കുമെന്ന് ആശങ്കയുണ്ട്, ഇത് സംസ്ഥാനത്തെ ക്രമസമാധാന നിലയിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കും."- സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ പറഞ്ഞു.
“സുരക്ഷാ സേനയുമായുള്ള പൊതുജനങ്ങളുടെ ഏറ്റുമുട്ടൽ, ജനപ്രതിനിധികൾക്കെതിരെ ആൾക്കൂട്ട ആക്രമണം നടത്താൻ ശ്രമിക്കുന്നത്, പോലീസ് സ്റ്റേഷനുകൾക്ക് മുന്നിൽ പ്രതിഷേധം തുടങ്ങിയ ആക്രമണങ്ങൾ ഇപ്പോഴും റിപ്പോർട്ട് ചെയ്യുന്നുണ്ട്.”- ഉത്തരവിൽ പറയുന്നു.
ചിത്രങ്ങളിലൂടെയും വീഡിയോ സന്ദേശങ്ങളിലൂടെയുമുള്ള വിദ്വേഷ പ്രസംഗങ്ങൾ ആക്രമണത്തിന് പ്രേരിപ്പിക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. നാല് മാസത്തെ വംശീയ കലാപത്തിനും അശാന്തിക്കും ശേഷം സെപ്റ്റംബർ അവസാന വാരത്തിലാണ് മണിപ്പൂരിൽ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ പുനഃസ്ഥാപിച്ചത്.