ഇഡി സുരേഷ് ഗോപിക്ക് മത്സരിക്കാന്‍ അരങ്ങൊരുക്കുന്നു: എ.സി മൊയ്തീന്‍

സുരേഷ് ഗോപിക്കായി തൃശൂരിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അരങ്ങൊരുക്കുകയാണെന്ന് മുൻ‌ മന്ത്രിയും സിപിഎം നേതാവുമായ എ.സി. മൊയ്‌തീന്‍ എംഎൽഎ. തെരഞ്ഞെടുപ്പ് ജോലിയാണ് ഇ.ഡി തൃശൂരിൽ ചെയ്യുന്നത്. ഇതിന്റെ ഭാഗമായിട്ടായിരുന്നു കരുവന്നിരൂലെ സുരേഷ് ഗോപിയുടെ പദയാത്ര. അരവിന്ദാക്ഷന്റെ 91 വയസ്സായ അമ്മയ്ക്ക് 63 ലക്ഷം രൂപയുടെ നിക്ഷേപമുണ്ടെന്ന് കള്ള റിപ്പോര്‍ട്ട് കോടതിയില്‍ കൊടുത്തെന്നും അദ്ദേഹം പറഞ്ഞു.

ചേലക്കരയിൽ സിപിഎം മണ്ഡലം കാൽനട ജാഥാ സമാപനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് കരുവന്നൂർ സർവീസ് സഹകരണ ബാങ്ക് വായ്‌പാ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് എ.സി മൊയ്‌തീൻ പ്രതികരിച്ചത്.

ഒരു സന്ദർഭം കിട്ടിയിപ്പോൾ തൃശൂർ ജില്ല അവർ തെരഞ്ഞെടുത്തതിനു കാരണമുണ്ട്. ഞാൻ ഇതങ്ങ് എടുക്കുവാ എന്നു പറഞ്ഞവന്, ഞാൻ തൃശൂരിൽ മത്സരിക്കുമെന്ന് അമിത് ഷായുടെ മുൻപിൽ സ്വയം സ്ഥാനാർഥിയായി പ്രഖ്യാപിച്ചയാൾക്ക് അരങ്ങൊരുക്കുകയാണ് തൃശൂരിൽ. അതിന് ഇ.ഡി ഇലക്ഷൻ ഡ്യൂട്ടി നടത്തുകയാണ്.അതിന്റെ ഭാഗമായാണ് ഇദ്ദേഹത്തിന്റെ പദയാത്ര. ഞങ്ങള്‍ക്ക് അതിലൊന്നും ആക്ഷേപമില്ലെന്നും എ.സി മൊയ്തീന്‍ പറഞ്ഞു.

ക്രൈംബ്രാഞ്ച് കൃത്യമായ അന്വേഷണം നടത്തി, കേസെടുത്ത് കമ്മിറ്റിയെ പ്രയോജനപ്പെടുത്തി പത്തെഴുപത്തിരണ്ട് കോടി രൂപ തിരിച്ചുപിടിച്ച്, 17 കോടി രൂപ സര്‍ക്കാര്‍ ബാങ്കിലും കൊടുത്ത് നിക്ഷേപകര്‍ക്ക് പണം കൊടുത്തുകൊണ്ടിരിക്കുകയാണ്. ആധാരങ്ങളൊക്കെ ഇ.ഡി എടുത്തുകൊണ്ടുപോയി. ഇ.ഡിക്ക് പരിശോധിക്കണമെങ്കില്‍ അതിന്റെ കോപ്പി പോരേ? കമ്പ്യൂട്ടറില്‍നിന്നുള്ള ലിസ്റ്റ് പോരേ? എന്താ നിങ്ങളുടെ ഉദ്ദേശ്യം?

സഹകരണ ബാങ്കുകളൊക്കെ കള്ളപ്പണം വെളുപ്പിക്കുകയാണെന്നാണ് പറയുന്നത്. അരവിന്ദാക്ഷന്റെ 91 വയസ്സായ അമ്മയ്ക്ക് 63 ലക്ഷം രൂപയുടെ നിക്ഷേപമുണ്ടെന്ന് കള്ള റിപ്പോര്‍ട്ട് കോടതിയില്‍ കൊടുത്തു. ഇതാണ് അവസ്ഥ, മൊയ്തീന്‍ പറഞ്ഞു.

08-Oct-2023