ന്യൂസ് ക്ലിക്ക് ഹര്‍ജിയില്‍ കോടതി വിധി പറയാന്‍ മാറ്റി

ന്യൂസ് ക്ലിക്ക് ഡയറക്ടര്‍ പ്രബിര്‍ പുര്‍കായസ്തയും എച്ച് ആർ മാനേജർ അമിത് ചക്രവര്‍ത്തിയും നല്‍കിയ ഹര്‍ജികളില്‍ ഡല്‍ഹി ഹൈക്കോടതി വിധി പറയാന്‍ മാറ്റി. ഡല്‍ഹി പൊലീസിന്റെ അറസ്റ്റും എഫ്ഐആറും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജികളിലെ വാദം പൂര്‍ത്തിയായി. അറസ്റ്റിനുള്ള കാരണം രേഖാമൂലം ഈ നിമിഷം വരെ അറിയിച്ചിട്ടില്ലെന്ന് പ്രബിറിന്റെ അഭിഭാഷകന്‍ കപില്‍ സിബല്‍ ഹൈക്കോടതിയെ അറിയിച്ചു.

ഒരു രൂപ പോലും ചൈനയില്‍ നിന്ന് സഹായമായി ലഭിച്ചിട്ടില്ല. റിമാന്‍ഡ് നടപടികള്‍ അഭിഭാഷകനെ അറിയിച്ചില്ല. എംത്രീഎം കേസിലെ സുപ്രിംകോടതി വിധിക്ക് എതിരാണ് അറസ്റ്റ്. ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണ് അറസ്റ്റ്. റിമാന്‍ഡിലുള്ള പ്രതികളുടെ എതിര്‍പ്പ് മജിസ്‌ട്രേറ്റ് കോടതി കേട്ടില്ലെന്നും സീനിയര്‍ അഭിഭാഷകന്‍ ദയാന്‍ കൃഷ്ണന്‍ വാദിച്ചു.

അറസ്റ്റിനുള്ള കാരണങ്ങള്‍ റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ടെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത മറുപടി നല്‍കി. കേസ് ഡയറി പരിശോധിക്കുമ്പോള്‍ കാര്യങ്ങളില്‍ വ്യക്തത വരും. നിയമത്തിന്റെ സാങ്കേതികതകള്‍ മാത്രം ചൂണ്ടിക്കാട്ടിയാണ് പ്രതിഭാഗത്തിന്റെ വാദം. എംത്രീഎം കേസിലെ വിധി ന്യൂസ് ക്ലിക് കേസിലെ അറസ്റ്റില്‍ ബാധകമല്ലെന്നുമായിരുന്നു ഡല്‍ഹി പൊലീസിന്റെ വാദം. ഹര്‍ജികളില്‍ ചില പ്രശ്‌നമുണ്ടെന്നും ഇപ്പോള്‍ അക്കാര്യം പരിഗണിക്കുന്നില്ലെന്നും ജസ്റ്റിസ് തുഷാര്‍ റാവു ഗഡേല വ്യക്തമാക്കി.

09-Oct-2023