തൃശൂര്‍ എടുക്കാന്‍ പോയിട്ട് പരാജയപ്പെട്ടായളാണല്ലോ ഇനി കണ്ണൂര്‍ എടുക്കാന്‍ വരുന്നത്: പി ജയരാജൻ
അഡ്മിൻ
കേരളത്തില്‍ ഇഡി ഇപ്പോള്‍ നടത്തുന്നത് രാഷ്ട്രീയ നാടകമെന്ന് സിപിഎം നേതാവ് പി ജയരാജന്‍. സഹകരണബാങ്കുകളില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസത്തെ തകര്‍ക്കുക അതാണ് അവരുടെ അജണ്ട.ഇഡിക്ക് നിര്‍ദേശങ്ങള്‍ നല്‍കുന്നത് ഒരു നടനാണെന്നും അദ്ദേഹത്തിന്റെ നാട്യങ്ങള്‍ അനുസരിച്ചാണ് മുന്നോട്ടുപോകുന്നതെന്നും ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.
'തൃശൂര്‍ എടുക്കാന്‍ പോയിട്ട് പരാജയപ്പെട്ടായളാണല്ലോ ഇനി കണ്ണൂര്‍ എടുക്കാന്‍ വരുന്നത്. കരുവന്നൂര്‍ ബാങ്കിലെ ക്രമക്കേട് കണ്ടെത്തിയത് ഇഡിയാണോ?. ബാങ്കിലെ ക്രമക്കേട് കണ്ടെത്തി ബിനാമി ലോണ്‍ സംബന്ധിച്ച് കൃത്യമായ നിലപാടുകള്‍ സ്വീകരിച്ച് നടപടി ക്രമങ്ങളുമായി മുന്നോട്ടുപോകുന്നത് കേരളത്തിലെ സഹകരണവകുപ്പും തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരുമാണ്.
ഇഡി ഇപ്പോള്‍ കേരളത്തില്‍ നടത്തുന്നത് രാഷ്ട്രീയ നാടകമാണ്. സഹകരണബാങ്കുകളില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസത്തെ തകര്‍ക്കുക അതാണ് അവരുടെ അജണ്ട. തൃശൂരില്‍ അഭിനയിക്കുന്ന ഒരു വ്യക്തി പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്.ആ നടനിപ്പോ ഇഡിക്ക് മാര്‍ഗനിര്‍ദേശം നല്‍കുന്നു.
ഇനി ഇഡി കണ്ണൂരിലേക്ക് വരുന്നു. ഇന്ന ബാങ്കിലേക്ക് പോകും എന്നാണ് പറയുന്നത്. ഇയാള്‍ ഇഡിയുടെ മേലെയുള്ള ഉദ്യോഗസ്ഥനാണോ?. അദ്ദേഹത്തിന്റെ നാട്യം സര്‍ക്കാര്‍ വിരുദ്ധ വികാരം ഉണ്ടാക്കി നേട്ടം ഉണ്ടാക്കുകയാണ്. അത് ജനം തിരിച്ചറിഞ്ഞിട്ടുണ്ട്' ജയരാജന്‍ പറഞ്ഞു