അമിത് ഷായുടെ പ്രസ്താവനകള്‍ പച്ചക്കള്ളങ്ങള്‍ നിറഞ്ഞതാണ്: കെടി രാമറാവു

അദിലാബാദില്‍ നടന്ന പൊതുയോഗത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ പരാമര്‍ശം നുണകള്‍ നിറഞ്ഞതാണെന്ന് തെലങ്കാനയിലെ ഭരണകക്ഷിയായ ഭാരത് രാഷ്ട്ര സമിതി (ബിആര്‍എസ്) വര്‍ക്കിംഗ് പ്രസിഡന്റ് കെ ടി രാമറാവു ആരോപിച്ചു.

രാജവംശ രാഷ്ട്രീയത്തെക്കുറിച്ച് ഷാ പറയുന്നത് കേള്‍ക്കുന്നത് വിരോധാഭാസമാണെന്നും രാമറാവു പറഞ്ഞു.അദിലാബാദ് പൊതുയോഗത്തിലെ അമിത് ഷായുടെ പ്രസ്താവനകള്‍ പച്ചക്കള്ളങ്ങള്‍ നിറഞ്ഞതാണ്. തെലങ്കാനയില്‍ അമിത് ഷാ പരിഹാസപാത്രമായി മാറിയെന്ന് മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ മകനയ രാമറാവു പ്രസ്താവനയില്‍ പറഞ്ഞു.

ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ (ബിസിസിഐ) സെക്രട്ടറിയായി നിയമിക്കപ്പെടുന്നതിന് മുമ്പ് മകന്‍ ജയ് ഷാ എവിടെയാണ് ക്രിക്കറ്റ് കളിച്ചതെന്നോ എവിടെയാണ് കോച്ചിംഗ് നല്‍കിയതെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അഞ്ച് വര്‍ഷം മുമ്പ് അദിലാബാദ് ജില്ലയില്‍ നടത്തിയ പ്രസംഗത്തിനിടെ, പ്രവര്‍ത്തനരഹിതമായ സിമന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയെ പുനരുജ്ജീവിപ്പിക്കുമെന്ന് അമിത് ഷാ പ്രതിജ്ഞയെടുത്തിരുന്നു. അര പതിറ്റാണ്ട് പിന്നിട്ടിട്ടും വാഗ്ദാനങ്ങള്‍ പാലിക്കപ്പെടാതെ തുടരുകയാണെന്ന് ബിആര്‍എസ് നേതാവ് പറഞ്ഞു.
കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ തെലങ്കാനയെ അവഗണിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

തെലങ്കാന ആരംഭിച്ചതിന് ശേഷമുള്ള ദശകത്തില്‍ ഒരു വിദ്യാഭ്യാസ സ്ഥാപനം പോലും സംസ്ഥാനത്തിന് അനുവദിച്ചിട്ടില്ലെന്നും രാമറാവു പറഞ്ഞു. കര്‍ഷക ആത്മഹത്യയില്‍ തെലങ്കാനയാണ് രാജ്യത്ത് ഒന്നാം സ്ഥാനത്തുള്ളതെന്ന ഷായുടെ വാദം തെറ്റും തെറ്റിദ്ധാരണാജനകവുമാണെന്ന് അദ്ദേഹം പറഞ്ഞു.

11-Oct-2023