അനിയന്ത്രിത യാത്രാനിരക്ക് വർദ്ധന യഥാർത്ഥ പ്രശ്‌നമാണെന്ന് ഹൈക്കോടതി

വിമാനയാത്ര നിരക്ക് വർദ്ധന ചോദ്യം ചെയ്ത് നൽകിയ ഹർജിയിൽ സംസ്ഥാന സർക്കാരിനെയും കക്ഷി ചേർക്കും. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിർദ്ദേശം. സംസ്ഥാന വ്യോമയാന വകുപ്പ് സെക്രട്ടറിയെയാണ് ഹർജിയിൽ കക്ഷി ചേർക്കുന്നത്.

അനിയന്ത്രിത യാത്രാനിരക്ക് വർദ്ധന യഥാർത്ഥ പ്രശ്‌നമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഇതുമൂലം സാധാരണക്കാർക്ക് യാത്ര ഒഴിവാക്കേണ്ടിവരുന്നുവെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിരീക്ഷിച്ചു.
കേരളത്തിലേക്കും തിരിച്ചുമുള്ളവരുടെ യാത്രാക്കൂലിക്കാര്യത്തിൽ സംസ്ഥാന സർക്കാരിന് ഇടപെടാനാകുമോയെന്ന് ഹൈക്കോടതി പരിശോധിക്കും. ഈ സാഹചര്യത്തിലാണ് സംസ്ഥാന വ്യോമയാന വകുപ്പ് സെക്രട്ടറിയെയും കക്ഷി ചേർത്തത്.

കേന്ദ്ര വ്യോമയാന മന്ത്രാലയം, കേന്ദ്ര സിവിൽ ഏവിയേഷൻ അതോറിറ്റി തുടങ്ങിയവരെ എതിർകക്ഷികളാക്കിയാണ് ഹർജി. പ്രവാസി വ്യവസായിയായ സെനുലാബ്ദിന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി നാളെ വീണ്ടും പരിഗണിക്കും.

11-Oct-2023