വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തില്‍ ആദ്യ കപ്പലെത്തി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തില്‍ ആദ്യ കപ്പലെത്തി. ഒന്നരമാസത്തെ യാത്ര പൂര്‍ത്തിയാക്കി ചൈനീസ് കപ്പലായ ഷെന്‍ ഹുവ 15 ആണ് തുറമുഖത്തേക്ക് കടന്നത്. കപ്പലിനെ വാട്ടര്‍ സല്യൂട്ടോടെയാണ് അധികൃതര്‍ സ്വീകരിച്ചത്. കപ്പല്‍ 15ന് വിഴിഞ്ഞം തുറമുഖത്ത് അടുപ്പിക്കും. അന്ന് വൈകിട്ട് നാല് മണിക്കാണ് കപ്പലിന് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തില്‍ സ്വീകരണം നല്‍കുന്നത്.

ചൈനയില്‍നിന്നും ക്രെയിനുകളുമായാണ് കപ്പല്‍ വിഴിഞ്ഞത്തെത്തുന്നത്. വിഴിഞ്ഞത്തേക്കുള്ള ഈ മൂന്നു ക്രെയിനുകള്‍ ഇറക്കാനും സ്ഥാപിക്കാനുള്ള വിദഗ്ധ സംഘവും ഉടന്‍ എത്തും. ഷെന്‍ഹുവാ -15നെ തുറമുഖത്തെ ബെര്‍ത്തിലേക്ക് അടുപ്പിക്കുന്നതിനുള്ള ടഗ്ഗുകള്‍ കഴിഞ്ഞ ദിവസമെത്തിയിരുന്നു. കഴിഞ്ഞ ആഗസ്റ്റ് 31ന് ആണ് ഷാങ്ഹായ് തുറമുഖത്ത് നിന്ന് കപ്പല്‍ യാത്ര ആരംഭിച്ചത്. ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തു നിന്നാണ് കപ്പൽ കേരളത്തിലേക്ക് യാത്ര തിരിച്ചത്.

ഒക്ടോബര്‍ 28 ന് രണ്ടാമത്തെ കപ്പലും നവംബര്‍ 11, 14 തീയതികളിലായി തുര്‍ന്നുള്ള ചരക്ക് കപ്പലുമെത്തും. ലോകത്തിലെ ഏറ്റവും വലുതും അത്യാധുനികവുമായ ക്രെയിനുകളാണ് വിഴിഞ്ഞത്ത് സജജീകരിക്കുന്നത്. ഡ്രെഡ്ജിംഗ് ആവശ്യമില്ലാത്ത സ്വാഭാവിക ആഴം 20 മീറ്ററില്‍ അധികമുള്ള അന്താരാഷ്ട്ര കപ്പല്‍ ചാലിനോട് വളരെ അടുത്ത് സ്ഥിതിചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ കണ്ടയ്നര്‍ തുറമുഖവും ലോകത്തെ രണ്ടാമത്തെ തുറമുഖവുമാണ് വിഴിഞ്ഞം. പുലിമൂട്ടിന്റെ മുക്കാല്‍ ഭാഗവും നിര്‍മ്മിച്ചു കഴിഞ്ഞു. ആദ്യഘട്ടത്തില്‍ പൂര്‍ത്തിയാക്കേണ്ട 400 മീറ്റര്‍ ബര്‍ത്തിന്റെ നിര്‍മ്മാണവും അവസാന ഘട്ടത്തിലാണ്.

നേരത്തെ തുറമുഖത്തിന്റെ പേരും ലോഗോയും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തിരുന്നു. വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീ പോര്‍ട്ട് തിരുവനന്തപുരം എന്നാണ് തുറമുഖത്തിന്റെ പേര്. ഈ ലോഗോ വിഴിഞ്ഞത്തിന്റെ കീര്‍ത്തിമുദ്രയായി എന്നും തിളങ്ങി നില്‍ക്കട്ടെയെന്ന് ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞത്.

12-Oct-2023