വലുപ്പത്തിൽ തോന്നുന്ന വ്യത്യാസം വ്യാജ വാർത്ത പ്രചരിപ്പിക്കാൻ സംഘ്‌പരിവാർ ഉപയോഗിച്ചു
അഡ്മിൻ
കൊച്ചിയിലെ ലുലു മാളിലെ പാക് പതാകയുമായി ബന്ധപ്പെട്ട സംഘപരിവാർ പ്രചാരണങ്ങൾ ഫാക്‌ട് ചെക്കർമാർ കഴിച്ച ദിവസംതന്നെ പൊളിച്ചിരുന്നു. ഇത് സംബന്ധിച്ച് വ്യാജ വാർത്ത നൽകിയ ഏഷ്യാനെറ്റ് ന്യൂസ് കന്നട പതിപ്പിനെ തിരുത്തേണ്ടി വന്നിരിക്കുകയാണ് ഏഷ്യാനെറ്റ് ന്യൂസ് മലയാളം പതിപ്പിന്.
ലുലു മാളിൽ ഇന്ത്യയുടെ കൊടിയേക്കാൾ വലിയ പാകിസ്‌താൻ പതാക സ്ഥാപിച്ചുവെന്ന ഏഷ്യാനെറ്റ് സുവർണ ന്യൂസിന്റെ വ്യാജ വാർത്തയ്‌ക്ക് എതിരായ വാർത്തയാണ് മലയാളം ഏഷ്യാനെറ്റ് ന്യൂസിൽ എത്തിയത്. ലുലു മാളിന്റെ ഔദ്യോഗിക വിശദീകരണം ഏഷ്യാനെറ്റ് ന്യൂസ് പങ്കുവെക്കുകയായിരുന്നു. ഫാക്‌ട് ചെക്കറും ആൾട്ട് ന്യൂസ് സഹസ്ഥാപകനുമായ മുഹമ്മദ് സുബൈർ ഈ ഇരട്ടത്താപ്പ് എക്‌സിൽ തുറന്നുകാട്ടിയത് വ്യാപക ചർച്ചയായി.
ലുലുമാളിലെ പാക് പതാക സംബന്ധിച്ച് കന്നഡ ഏഷ്യാനെറ്റിന്റെയും മലയാളത്തിലുള്ള ഏഷ്യാനെറ്റ് ന്യൂസിന്റെയുടെ വാർത്തകളുടെ സ്‌ക്രീൻഷോട്ടുകൾ അദ്ദേഹം എക്‌സിൽ പങ്കുവെച്ചു. ഏകദിന ലോകകപ്പ് പ്രമാണിച്ച് ടൂർണമെൻറിൽ പങ്കെടുക്കുന്ന വിവിധ ടീമുകളുടെ കൊടികൾ മാളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. വിവിധ ഉയരത്തിൽ വെച്ചതിനാൽ ചിലത് വലുതും ചെറുതുമായാണ് ചിത്രങ്ങളിൽ കാണുന്നത്. എന്നാൽ യഥാർത്ഥത്തിൽ അവയെല്ലാം ഒരേ വലുപ്പമുള്ളവയാണ്. ഫോട്ടോയുടെ ആംഗിളിന് അനുസരിച്ച് ഇവയുടെ വലുപ്പത്തിൽ തോന്നുന്ന വ്യത്യാസം വ്യാജ വാർത്ത പ്രചരിപ്പിക്കാൻ സംഘ്‌പരിവാർ ദുരുപയോഗിക്കുകയായിരുന്നു.