ഖാദിഗേളായി ഹനാന്‍ റാമ്പില്‍

തിരുവനന്തപുരം :  അതിജീവനത്തിന്റെ മാതൃകയായി മാറിയ കോളേജ് വിദ്യാര്‍ഥിനി ഹനാന്‍ ഖാദിയുടെ പുതിയമുഖമായി വേദിയിലെത്തി. ഖാദിവസ്ത്രങ്ങളുടെ പ്രചാരണാര്‍ത്ഥം സംഘടിപ്പിച്ച ഫാഷന്‍ ഷോയിലാണ് ഹനാന്‍ ഖാദിവസ്ത്രമണിഞ്ഞ് റാംപില്‍ ചുവടുവെച്ചത്.

ഉപജീവനത്തിനുവേണ്ടി മീന്‍വില്പന നടത്തിയതിലൂടെ ശ്രദ്ധയായ കോളേജ് വിദ്യാര്‍ഥിനി ഹനാന്‍, ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ഓണം ബക്രീദ് ഖാദിമേളയുടെ ഉദ്ഘാടനച്ചടങ്ങില്‍ സംഘടിപ്പിച്ച ഫാഷന്‍ ഷോയിലാണ് ഖാദി പെണ്‍കൊടിയായി എത്തിയത്. പുതിയ ഫാഷന്‍ ബ്രാന്‍ഡുകളോട് ഏറ്റുമുട്ടാനുള്ള വൈവിധ്യവും കരുത്തും ഖാദിക്കുണ്ടെന്ന് തെളിയിക്കുന്നതായിരുന്നു ഫാഷന്‍ ഷോ. അപ്പാരല്‍ ട്രെയിനിങ് ആന്‍ഡ് ഡിസൈന്‍ സെന്റര്‍ തയാറാക്കിയ വസ്ത്രങ്ങളിഞ്ഞ് വേദിയിലെത്തിയ മോഡലുകള്‍ക്കൊപ്പമാണ് ഹനാനും വേദിയിലെത്തിയത്. വന്‍ കരഘോഷത്തോടെ കാണികള്‍ ഹനാനെ സ്വീകരിച്ചു.

ഫ്‌ളവര്‍ഗേളായും അവതാരകയായുമൊക്കെ ഇത്തരം ഒട്ടേറെ വേഷങ്ങള്‍ അണിഞ്ഞിട്ടുണ്ടെങ്കിലും അന്നാരും ശ്രദ്ധിച്ചിരുന്നില്ല. ഈവേദി മനോഹരമാണ്. ഈ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി വേദിയില്‍ നിന്നിറങ്ങിയപ്പോള്‍ ആശംസകളുമായി പൊതിഞ്ഞവരോട് അവള്‍ പറഞ്ഞു. ഖാദിയും അതിജീവനത്തിന്റെ പാതയിലാണെന്നും ഹനാനെപ്പോലൊരു പെണ്‍കുട്ടി ഖാദിക്കും പ്രചോദനമാണെന്നും ഖാദി വൈസ് ചെയര്‍പേഴ്‌സണ്‍ ശോഭനാ ജോര്‍ജ്ജ് പറഞ്ഞു. ഖാദിബോര്‍ഡിന്റെ സ്‌നേഹോപഹാരം മുഖ്യമന്ത്രി പിണറായി വിജയന്‍ ഹനാന് നല്‍കി.

02-Aug-2018