ഈ ആക്രമണം ഇസ്രയേല്‍ എന്ന 'സെക്യൂരിറ്റി സ്‌റ്റേറ്റി'ന്റെ മനസ്സാക്ഷിയെ പിടിച്ചുലച്ചുവെന്നത് വസ്തുതയാണ്: എംവി ഗോവിന്ദൻ മാസ്റ്റർ

ഇസ്രയേല്‍ കെട്ടിപ്പടുത്ത സുരക്ഷാ രാഷ്ട്രമെന്ന മിത്ത് ഹമാസിന്റെ ആക്രമണത്തിനു മുമ്പില്‍ തകര്‍ന്നടിഞ്ഞെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാസ്റ്റർ .ഹമാസിന്റെ ആക്രമണത്തെ ന്യായീകരിക്കുന്നില്ലെന്ന് ഗോവിന്ദന്‍ കുറിപ്പില്‍ പറയുന്നു. എന്നാല്‍, ഈ ആക്രമണം ഇസ്രയേല്‍ എന്ന 'സെക്യൂരിറ്റി സ്‌റ്റേറ്റി'ന്റെ മനസ്സാക്ഷിയെ പിടിച്ചുലച്ചുവെന്നത് വസ്തുതയാണ്.ഗാസയില്‍ ഒരില അനങ്ങിയാല്‍പ്പോലും അറിയുന്ന ഇസ്രയേലിനാണ് ഹമാസിന്റെ നീക്കം മുന്‍കൂട്ടി കാണാന്‍ കഴിയാതെ പോയത്.

പലസ്തീനികളെ സൂചിമുനയില്‍ നിര്‍ത്തി പീഡിപ്പിക്കുന്ന എല്ലാ രീതികളും പകര്‍ത്താനും സുരക്ഷാ ആയുധങ്ങളും ഉപകരണങ്ങളും നിരീക്ഷണ സംവിധാനങ്ങളും ഇന്ത്യയിലും സ്ഥാപിക്കാന്‍ വെമ്പുന്ന മോദി സര്‍ക്കാരിനും ഇത് പാഠമാകേണ്ടതാണെന്ന് എംവി ഗോവിന്ദന്‍ മാസ്റ്റർ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

ഇസ്രയേലില്‍ ആദ്യമായാണ് ഇത്രയും വലിയ ആള്‍നാശമുണ്ടാകുന്നത്.മാത്രമല്ല, നൂറുകണക്കിന് ഇസ്രയേലികളെ ഹമാസ് ബന്ദികളാക്കിയിട്ടുമുണ്ട്. ലാകോത്തരമെന്ന് പലരും വിശേഷിപ്പിച്ച ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ്, സുരക്ഷാ ഏജന്‍സി ഷിന്‍ ബേത്ത്, സിഐഎയെപ്പോലും വെല്ലുന്ന ചാരസംഘടനയായ മൊസാദ്, ആധുനികമായ ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള നിരീക്ഷണ സംവിധാനം എന്നിവയെല്ലാം ഉണ്ടായിട്ടും ഹമാസിന്റെ 5000 മിസൈല്‍ ഇസ്രയേല്‍ ലക്ഷ്യമാക്കി വന്നപ്പോള്‍ ഒന്നും ചെയ്യാനാകാതെ പകച്ചു പോയി ഇസ്രയേല്‍. 10 മണിക്കൂറിനു ശേഷമാണ് ടെല്‍ അവീവില്‍നിന്ന് പ്രതികരണം ഉണ്ടായത്- കുറിപ്പില്‍ പറയുന്നു.

13-Oct-2023