'സുനിൽ കനുഗോലു എത്ര ബക്കറ്റ് വെളളം കോരിയൊഴിച്ചാലും കോൺഗ്രസ് വളരില്ല'; എ എ റഹീം
അഡ്മിൻ
കോൺഗ്രസ് ടാസ്ക് ഫോഴ്സ് അംഗവും തിരഞ്ഞെടുപ്പ് തന്ത്രജ്ഞനുമായ സുനിൽ കനുഗോലുവിനെ വിമർശിച്ച് എ എ റഹീം എംപി. ഒരു പി ആർ ഏജൻസി വിദഗ്ധനും വെളളം കോരിയാൽ വളരുന്ന മരമല്ല കേരളത്തിലെ കോൺഗ്രസ്. സുനിൽ കനുഗോലു വന്നതുകൊണ്ടോ പ്രവർത്തിച്ചത് കൊണ്ടോ കേരളത്തിലെ കോൺഗ്രസ് വളരില്ലെന്നും എ എ റഹീം വിമർശിച്ചു.
നമ്മുടെ രാഷ്ട്രീയം മാറുന്നു. മാധ്യമ പ്രവർത്തനം മാറുന്നു. അത് ഇല്ലാകഥകൾ മെനയുന്നിടത്തേക്ക് എത്തുന്നു. മാധ്യമ പ്രവർത്തകർ മാത്രമല്ല. കോൺഗ്രസിന്റെ ഉന്നതാധികാര സമിതിയിലേക്ക് തിരഞ്ഞെടുപ്പ് വിദഗ്ധൻ എന്ന പേരിൽ ഒരു പി ആർ വിദഗ്ധനെ കൊണ്ടുവരുന്നു. ഒരു പി ആർ ഏജൻസി വിദഗ്ധനും വെളളം കോരിയാൽ വളരുന്ന മരമല്ല കേരളത്തിലെ കോൺഗ്രസ് എന്ന് റിപ്പോർട്ടർ ടിവി ഡിബേറ്റ് വിത്ത് നികേഷ് കുമാർ പരിപാടിയിൽ റഹിം പറഞ്ഞു.
മരത്തിന് വെളളം കോരിയാൽ ചെലപ്പൊ മരം വളരും. ഇത് ഇലക്ട്രിക് പോസ്റ്റാണ്. അതുകൊണ്ട് സുനിൽ കനുഗോലു എത്ര ബക്കറ്റ് വെളളം കോരി ഇവിടെ ഒഴിച്ചാലും സുനിൽ കനുഗോലുവിന്റെ കൈയ്യും ഊർജ്ജവും പോകുമെന്നതല്ലാതെ കേരളത്തിലെ കോൺഗ്രസിന് വളർച്ചയുണ്ടാകില്ലെന്നും എ എ റഹീം പരിഹസിച്ചു.
സുനിൽ കനുഗോലു ഇവിടെ ഓപ്പറേഷൻ ആരംഭിച്ചതിന് ശേഷമാണല്ലോ, തമ്മിലുളള അടി പുറത്തുകാണിക്കാതിരിക്കാനുളള മാന്യതയെങ്കിലും നിങ്ങൾ കാണിക്കണമെന്ന് എ കെ ആന്റണി പറഞ്ഞതെന്നും എ എ റഹീം പറഞ്ഞു.