രാജ്യത്തെ സ്വവർഗ വിവാഹത്തിന് നിയമപരമായ അംഗീകാരമില്ല
അഡ്മിൻ
സ്വവർഗ വിവാഹം നിയമവിധേയമാക്കുന്നതിനെതിരെ വിധി പ്രസ്താവിച്ച് സുപ്രീം കോടതി. സ്വവർഗ വിവാഹത്തിന് നിയമപരമായ അംഗീകാരമില്ലെന്നും വിഷയം പാർലമെന്റിന് വിടുന്നുവെന്നും സുപ്രീം കോടതി വ്യക്തമാക്കി. ചീഫ് ജസ്‌റ്റിസ് ഉൾപ്പെടെയുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ (സിജെഐ) ചന്ദ്രചൂഡ്, ജസ്റ്റിസ് കൗൾ, ജസ്റ്റിസ് ഭട്ട്, ജസ്റ്റിസ് നരസിംഹ എന്നിവരുടെ നാല് വിധിന്യായങ്ങളാണ് കോടതി പ്രസ്താവിച്ചത്.
"സ്വവർഗ ദമ്പതികളുടെ വിവാഹത്തിന് നിയമ സാധുതയില്ലെന്ന് ഭരണഘടനാ ബെഞ്ച് ഏകകണ്ഠമായി അംഗീകരിച്ചു. സ്വവർഗ ദമ്പതികൾക്ക് കുട്ടികളെ ദത്തെടുക്കാമെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡും ജസ്റ്റിസ് എസ് കെ കൗളും വിധിച്ചു, എന്നാൽ മറ്റ് മൂന്ന് ജഡ്ജിമാർ അതിനോട് വിയോജിച്ചു.
ക്വിയർ വിഭാഗത്തിലെ വ്യക്തികളുടെ അധികാരവും അവകാശങ്ങളും പരിശോധിക്കാൻ ഒരു കമ്മിറ്റി രൂപീകരിക്കാൻ ബെഞ്ചിലെ എല്ലാ ജഡ്ജിമാരും ഏകകണ്ഠമായി സർക്കാരിനോട് നിർദ്ദേശിച്ചു"- വിധിയിൽ പറയുന്നു. ചീഫ് ജസ്റ്റിസ് (സിജെഐ) ചന്ദ്രചൂഡ്, ജസ്റ്റിസ് കൗൾ, ജസ്റ്റിസ് ഭട്ട്, ജസ്റ്റിസ് നരസിംഹ എന്നിവരാണ് വിധി പ്രസ്താവിച്ചത്.
അതേസമയം സ്‌പെഷ്യൽ മാര്യേജ് ആക്ടിലെ (എസ്‌എംഎ) വ്യവസ്ഥകൾ റദ്ദാക്കാനാകില്ലെന്നും ചീഫ് ജസ്റ്റിസാണ് വിഷയത്തിൽ തീരുമാനമെടുക്കാൻ പാർലമെന്റിന് വിട്ടതെന്നും സുപ്രീം കോടതി വ്യക്തമാക്കി. വിവാഹം സ്ഥിരവും മാറ്റമില്ലാത്തതുമായ സ്ഥാപനമാണെന്ന് പ്രസ്താവിക്കുന്നത് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടിയ ചീഫ് ജസ്റ്റിസ്, നിയമനിർമ്മാണ നിയമങ്ങളാൽ വിവാഹത്തിൽ പരിഷ്കാരങ്ങൾ കൊണ്ടുവന്നിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു.
സുപ്രീം കോടതിക്ക് നിയമം ഉണ്ടാക്കാൻ കഴിയില്ലെന്നും, അത് വ്യാഖ്യാനിക്കാനും പ്രാബല്യത്തിൽ വരുത്താനും മാത്രമേ കഴിയൂ എന്നും വിധി വായിച്ചുകൊണ്ട് ചീഫ് ജസ്‌റ്റിസ് പറഞ്ഞു. സ്വവർഗ ലൈംഗികത നഗരകേന്ദ്രീകൃതമോ വരേണ്യമോ അല്ലെന്നും ചീഫ് ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ് പറഞ്ഞു.
“സ്വവർഗ ലൈംഗികത ഒരു നഗര സങ്കൽപ്പമല്ല അല്ലെങ്കിൽ സമൂഹത്തിലെ ഉയർന്ന വിഭാഗങ്ങളിൽ പരിമിതപ്പെടുത്തിയതോ അല്ല” ചന്ദ്രചൂഡ് വ്യക്തമാക്കി. സ്വവർഗവിവാഹം നിയമവിധേയമാക്കുക എന്ന ആശയം വരേണ്യ വർഗ്ഗത്തിന്റെ പ്രശ്‌നമാണെന്ന് ഹിയറിംഗിനിടെ കേന്ദ്ര സർക്കാർ വാദിച്ചിരുന്നു.