അഭിമന്യുവിനെ കൊല്ലാന്‍ തീരുമാനിച്ചത് പോപ്പുലര്‍ഫ്രണ്ട്

എറണാകുളം : മഹാരാജാസ് കോളേജിലെ എസ് എഫ് ഐ നേതാവ് അഭിമന്യുവിനെ കുത്തി കൊലപ്പെടുത്താന്‍ കൊലയാളി സംഘത്തെ മഹാരാജാസിലേക്ക് കൊണ്ടുവന്ന ക്യാമ്പസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി മുഹമ്മദ് റിഫ, പോപ്പുലര്‍ ഫ്രണ്ട് നേതൃത്വത്തിന്റെ നിര്‍ദേശമാണ് താന്‍ നടപ്പിലാക്കിയതെന്ന് പോലീസിനോട് തുറന്ന് പറഞ്ഞു. കൊലയാളികളെ എത്തിക്കുന്നതിലും കൊലയ്ക്ക് ശേഷം പ്രതികളെ രക്ഷപ്പെടുത്താനും മുന്നില്‍ താനായിരുന്നുവെന്നും അന്വേഷക സംഘത്തിന്റെ ചോദ്യംചെയ്യലില്‍ റിഫ സമ്മതിച്ചു. മറ്റൊരു പ്രതിയായ സനീഷിനെയും പൊലീസ് ചോദ്യം ചെയ്യുകയാണ്. എസ് ഡി പി ഐ, പോപ്പുലര്‍ഫ്രണ്ട് സംസ്ഥാന നേതൃത്വത്തിലുള്ള ചിലരെ കൂടി വരും ദിവസങ്ങളില്‍ അന്വേഷണസംഘം ചോദ്യം ചെയ്യും. പഴുതില്ലാത്ത രീതിയില്‍ കുറ്റവാളികളെ കുടുക്കാനുള്ള അന്വേഷണ സംഘത്തിന്റെ നീക്കങ്ങളെല്ലാം വിജയിക്കുകയാണ്.

എറണാകുളം നോര്‍ത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ നേതൃത്വത്തില്‍ നടത്തിയിരുന്ന കൊച്ചിന്‍ ഹൗസ് കേന്ദ്രീകരിച്ചായിരുന്നു കലാപം ആസൂത്രണം ചെയ്തത്. വിവിധ ജില്ലകളിലുള്ള കൊലയാളി സംഘത്തെ അവിടെ കേന്ദ്രീകരിപ്പിച്ചതും സംഭവ ദിവസം മഹാരാജാസിലെത്തിച്ചതും റിഫയാണ്. കൊലയാളികളെ സംഘടിപ്പിക്കുന്നതില്‍ പോപ്പുലര്‍ഫ്രണ്ട് സംസ്ഥാന നേതൃത്വത്തിന് കൃത്യമായ പങ്കുണ്ടെന്നാണ് പോലീസ് പറയുന്നത്. നേരത്തെ നടത്തിയ ഗൂഡാലോചനയുടം ഭാഗമായാണ് ഈ സംഘാടനം. അഭിമന്യുവിനെ കുത്തിവീഴ്ത്തുന്ന സമയത്ത് മുഹമ്മദ് റിഫ കൂടെയുണ്ടായിരുന്നോയെന്ന് കൂടുതല്‍ ചോദ്യം ചെയ്താലെ വ്യക്തമാകുവെന്ന് എ സി പി ലാല്‍ജി പറഞ്ഞു.

കൊലയ്ക്ക് ശേഷം പ്രതികള്‍ രക്ഷപ്പെട്ടുവെന്ന് ഉറപ്പാക്കിയതും മുഹമ്മദ് റിഫയാണ്്. പൂത്തോട്ടയിലെ സ്വകാര്യ ലോ കോളേജില്‍ വിദ്യാര്‍ഥിയായ റിഫ, മഹാരാജാസ് കോളേജിലെ സംഭവത്തിന് രണ്ട് ദിവസം മുമ്പ് കോളേജില്‍ നിന്ന് മുങ്ങി. തുടര്‍ന്നാണ് കൊലയാളികളെ എത്തിച്ചത്. പൊലീസ് ചോദ്യംചെയ്യലില്‍ പല കാര്യങ്ങളും മറച്ചുവച്ചാണ് റിഫയുടെ പെരുമാറ്റം. ആഗസ്ത് നാലുവരെയാണ് റിഫയെയും സനീഷിനെയും പൊലീസ് കസ്റ്റഡിയില്‍ വിട്ടു നല്‍കിയിട്ടുള്ളത്. ഇതിനിടെ ഇരുവരെയും കൊണ്ട് തെളിവെടുപ്പ് നടത്തേണ്ടതുണ്ട്. റിഫ ഉപയോഗിച്ച മൊബൈല്‍ ഫോണും കണ്ടെത്തണം. പോപ്പുലര്‍ ഫ്രണ്ടിന്റെ ട്രേഡ് യൂണിയന്‍ വിഭാഗത്തിന്റെ ചുമതലക്കാരനായ സനീഷാണ് എസ് എഫ് ഐ പ്രവര്‍ത്തകരെ കത്തി വീശി ഭീഷണിപ്പെടുത്തിയത്. പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന നേതാവ് കൃത്യം വാട്സാപ്പ് വീഡിയോയില്‍ കൂടി കണ്ട് നിര്‍ദേശങ്ങള്‍ നല്‍കുകയായിരുന്നു എന്ന്‍ സനീഷ് സമ്മതിച്ചു.


02-Aug-2018