സംസ്ഥാനത്തെ സർക്കാർ ഉദ്യോഗസ്ഥർക്ക് നിർമ്മിത ബുദ്ധിയിൽ പരിശീലനം
അഡ്മിൻ
സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയിൽ പരിശീലനം നൽകുന്നു. പട്ടികജാതി പട്ടികവർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പുകളിലാണ് തുടക്കം. ജീവനക്കാർക്കുള്ള പരിശീലന പരിപാടി ബുധനാഴ്ച രാവിലെ 10.30 ന് തിരുവനന്തപുരം തൈക്കാട് പി.ഡബ്ല്യൂ.ഡി റെസ്റ്റ് ഹൗസിൽ മന്ത്രി കെ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.
സുനിൽ പ്രഭാകർ ക്ലാസ് നയിക്കും. തിരഞ്ഞെടുത്ത 60 ഉദ്യോഗസ്ഥർക്കാണ് ആദ്യ ഘട്ടത്തിൽ പരിശീലനം നൽകുന്നത്. നിർമ്മിത ബുദ്ധി ഉപയോഗിക്കുക വഴി കൂടുതൽ കൃത്യതയോടെ, കൂടുതൽ ജോലി, കുറഞ്ഞ സമയത്തിൽ ജനോപകാരപ്രദമായി ചെയ്യാൻ ഉദ്യോഗസ്ഥരെ സജ്ജമാക്കുകയാണ് ലക്ഷ്യം.
വകുപ്പിന്റെ പ്രവർത്തനങ്ങളുടെ കാര്യക്ഷമത കൂട്ടുകയും, കുറഞ്ഞ ചെലവിൽ കൂടുതൽ സേവനങ്ങൾ, കൂടുതൽ പേരിലേക്ക് കൂടുതൽ വേഗത്തിൽ എത്തിക്കുന്നതിനും എ ഐ സാങ്കേതിക വിദ്യ വഴി സാധിക്കുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു.