ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് മുൻഗണന നൽകിയാണ് സർക്കാർ പ്രവർത്തിക്കുന്നത്: മന്ത്രി ആർ ബിന്ദു

ഉന്നത വിദ്യാഭ്യാസ മേഖലയിൽ ലോകോത്തര നിലവാരത്തിലുള്ള സൗകര്യങ്ങൾ ഒരുക്കി വിദ്യാർത്ഥികൾക്ക് സംസ്ഥാനത്തുതന്നെ പഠനം പൂർത്തിയാക്കി മികച്ച തൊഴിലുകൾ കണ്ടെത്തുന്നതിനുള്ള സാഹചര്യം ഒരുക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു. തൃക്കാക്കര ഭാരത് മാതാ കോളേജിൽ റൂസ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് മുൻഗണന നൽകിയാണ് സർക്കാർ പ്രവർത്തിക്കുന്നത്. കലാലയങ്ങളുടെ ഭൗതിക സാഹചര്യത്തിൽ വലിയ മാറ്റങ്ങളാണ് സംഭവിച്ചിട്ടുള്ളത്. കിഫ്ബി വഴി ആയിരത്തിലേറെ കോടി രൂപയുടെ പ്രവർത്തനങ്ങൾ സംസ്ഥാനത്തെ വിവിധ സർവകലാശാലകളിലും നടപ്പിലാക്കി. പ്ലാൻ ഫണ്ട് ഉപയോഗിച്ചും വിവിധ പ്രവർത്തനങ്ങൾ നടപ്പിലാക്കി.

രാഷ്ട്രീയ സാക്ഷരത അഭിയാൻ (റൂസ ) ഫണ്ട് മികച്ച രീതിയിൽ ഉപയോഗപ്പെടുത്താൻ സംസ്ഥാനത്തിന് കഴിഞ്ഞു. 568 കോടി രൂപയുടെ പ്രവർത്തനങ്ങൾ സംസ്ഥാനത്തൊട്ടാകെ നടപ്പിലാക്കിയെന്നും മന്ത്രി വ്യക്തമാക്കി.

കലാലയങ്ങളെ നവ വൈജ്ഞാനിക സമൂഹമാക്കിമാറ്റുന്നതിനുള്ള പ്രവർത്തനങ്ങളാണ് നടപ്പിലാക്കുന്നത്. ഇതിലൂടെ സാമൂഹിക പ്രശ്നങ്ങൾ ക്രിയാത്മകമായി പരിഹരിക്കുന്നതിന് കലാലയങ്ങളെ ഉപയോഗപ്പെടുത്താൻ സാധിക്കും. സുസ്ഥിര സാമ്പത്തിക ഘടന വൈജ്ഞാനിക സമ്പത്ത് ഉപയോഗിച്ച് നേടിയെടുക്കുകയാണ് ലക്ഷ്യം. സാങ്കേതികവിദ്യയുടെ വലിയ മുന്നേറ്റമാണ് ഇന്ന് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇതിനനുസൃതമായ പഠന സൗകര്യങ്ങൾ ഒരുങ്ങേണ്ടത് അനിവാര്യമാണെന്ന് മന്ത്രി പറഞ്ഞു.

വിദ്യാർത്ഥികളുടെ നൂതന ആശയങ്ങൾ പ്രോത്സാഹിപ്പിക്കുന്നത് വിവിധ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നുണ്ട്. അസാപ്പ് വഴി ആധുനിക കോഴ്സുകൾ പഠിക്കുന്നതിന് സൗകര്യം ഒരുക്കുന്നു. ഗവേഷണ വിദ്യാർത്ഥികൾക്ക് ഫെലോഷിപ്പുകൾ നൽകിവരുന്നു. 500 നവ കേരള ഫെലോഷിപ്പുകൾ നൽകി. അഭ്യസ്തവിദ്യർക്ക് തൊഴിലും ഉറപ്പാക്കുന്നതിനുള്ള പദ്ധതികളാണ് സർക്കാർ രൂപീകരിക്കുന്നത്. നൂതന ആവശ്യങ്ങളെ നേരിടാൻ ഭാവി തലമുറയെ പ്രാപ്തരാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. തൃക്കാക്കര ഭാരത് മാതാ കോളേജിൽ റൂസ ഫണ്ട് ഒരു കോടി ഉപയോഗിച്ചാണ് പരീക്ഷ ബ്ലോക്ക്, ജലസംഭരണി, സ്റ്റെയർകെയ്സ്, ലിഫ്റ്റ് എന്നിവയുടെ നിർമ്മാണം പൂർത്തിയാക്കിയത്.

17-Oct-2023