തമിഴ്നാട്ടില്‍ നീറ്റിനെതിരായ പ്രതിഷേധം ശക്തമാക്കുന്നു

തമിഴ്നാട്ടില്‍ നീറ്റിനെതിരായ പ്രതിഷേധം ശക്തമാക്കുന്നു. നിരാഹാര സമരം നടത്തിയതിന് ശേഷം സംസ്ഥാനത്തുടനീളമുള്ള നാഷണല്‍ എലിജിബിലിറ്റി കം-എന്‍ട്രന്‍സ് ടെസ്റ്റിനെ (നീറ്റ്) എതിര്‍ക്കുന്നവരില്‍ നിന്ന് ഒപ്പ് ശേഖരണം നടത്താനാണ് ഡിഎംകെ നീക്കം നടത്തുന്നത്. ഒക്ടോബര്‍ 21ന് ഡിഎംകെ റാലി തുടങ്ങാനാണ് സാധ്യത.

സിഗ്‌നേച്ചര്‍ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ബുധനാഴ്ച പാര്‍ട്ടി ഭാരവാഹികളുമായി ആലോചനാ യോഗം ചേരും. ഒപ്പുശേഖരണം പൂര്‍ത്തിയാകുന്നതോടെ നീറ്റ് സംബന്ധിച്ച് തമിഴ്നാട്ടിലെ ജനങ്ങളുടെ അഭിപ്രായം പാര്‍ട്ടി കേന്ദ്രത്തെ അറിയിക്കും. ഡിഎംകെ യുവജന വിഭാഗം, വിദ്യാര്‍ഥി വിഭാഗം, മെഡിക്കല്‍ വിഭാഗം എന്നിവയുടെ നേതൃത്വത്തിലാണ് പ്രചാരണം.

നീറ്റ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിനെതിരെ ഡിഎംകെ അടുത്തിടെ ഒരു ദിവസത്തെ നിരാഹാര സമരം നടത്തിയിരുന്നു. ഗ്രാമീണ, പിന്നാക്ക പശ്ചാത്തലത്തിലുള്ള വിദ്യാര്‍ത്ഥികളോട് നീറ്റ് വിവേചനം കാണിക്കുന്നുവെന്നാണ് പാര്‍ട്ടി അവകാശപ്പെട്ടത്.

'ഫാസിസ്റ്റ് ബിജെപി സര്‍ക്കാര്‍' തമിഴ്നാട്ടിലെ ജനങ്ങള്‍ക്ക് മേല്‍ നീറ്റ് അടിച്ചേല്‍പ്പിക്കുകയാണെന്നും സംസ്ഥാനത്ത് 20-ലധികം മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തുവെന്നും ഡിഎംകെ മന്ത്രിയും പാര്‍ട്ടി യൂത്ത് വിംഗ് സെക്രട്ടറിയുമായ ഉദയനിധി സ്റ്റാലിന്‍ ചൂണ്ടിക്കാട്ടി.

18-Oct-2023