ബിജെപിയും ബിആർഎസും എഐഎംഐഎമ്മും പരസ്പരം ഒത്തുകളിക്കുന്നു: രാഹുൽ ഗാന്ധി

ബിആർഎസിന് വോട്ട് ചെയ്താൽ അത് ബിജെപിക്ക് പോകുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. തെലങ്കാന പര്യടനത്തിനിടെ മുലുഗു ജില്ലയിൽ നടത്തിയ വിജയഭേരി യാത്രയ്ക്കിടെയാണ് രാഹുലിന്റെ പരാമർശം. മുഖ്യമന്ത്രി കെസിആർ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തെലങ്കാനയിലെ സർക്കാർ അഴിമതിയുടെ പരമ്പരയാണെന്ന് പ്രിയങ്ക ഗാന്ധിയും പറഞ്ഞു.

കൂടാതെ ബിജെപിയും ബിആർഎസും എഐഎംഐഎമ്മും പരസ്പരം ഒത്തുകളിക്കുകയാണെന്നും രാഹുൽ ആരോപിച്ചു. 2004ൽ കോൺഗ്രസ് തെലങ്കാനയിലെ ജനങ്ങൾക്ക് വാഗ്ദാനങ്ങൾ നൽകിയിരുന്നു, ആ വാഗ്ദാനങ്ങൾ പാലിച്ചെന്നും, എന്നാൽ കെസിആർ നൽകിയ വാഗ്ദാനങ്ങൾ പാലിച്ചില്ലെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.

ബിആർഎസും കോൺഗ്രസും തമ്മിലാണ് തെലങ്കാനയിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. തെലങ്കാനയിൽ ബിആർഎസ് വിജയിക്കണമെന്നാണ് ബിജെപിയുടെ ആഗ്രഹം. ബിജെപിയും ബിആർഎസും ഒരുമിച്ചാണ് പ്രവർത്തിക്കുന്നത്, എഐഎംഐഎമ്മും അവരുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ മൂന്ന് പാർട്ടികളും ഒരുമിച്ച് പ്രവർത്തിച്ച് കോൺഗ്രസിനെ പരാജയപ്പെടുത്താൻ ശ്രമിക്കുന്നു. തെലങ്കാന മുഖ്യമന്ത്രിക്കെതിരെ സിബിഐയോ, ഇഡിയോ, ആദായനികുതി വകുപ്പോ അന്വേഷണം നടത്തുന്നില്ല എന്നതാണ് ഇതിന്റെ ഏറ്റവും വലിയ തെളിവ്. എല്ലാ പ്രതിപക്ഷ നേതാക്കൾക്കെതിരെയും കേസെടുത്തിട്ടുണ്ടെന്നും രാഹുൽഗാന്ധി പറഞ്ഞു.

19-Oct-2023