ന്യൂഡല്‍ഹി : റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് ഉയര്‍ത്തിയതോടെ വായ്പകളോട് ഇടപാടുകാര്‍ മുഖം തിരിക്കുകയും വിപണിയില്‍ പ്രതിസന്ധി രൂപംകൊള്ളുകയും ചെയ്യുമെന്ന് സാമ്പത്തിക വിദഗ്ധര്‍. രാജ്യത്ത് പണപ്പെരുപ്പം രൂക്ഷമായ സാഹചര്യത്തിലാണ് റിസര്‍വ്ബാങ്ക് റിപ്പോനിരക്കുകള്‍ ഉയര്‍ത്തിയത്. നോട്ടുനിരോധനത്തിലും ജിഎസ്ടിയിലും ഉലഞ്ഞ വിപണിക്കുമേല്‍ പലിശനിരക്കുകളിലെ വര്‍ധന കടുത്ത ആഘാതമാകും. നിര്‍മിതോല്‍പ്പന്ന മേഖലയില്‍ ആശാവഹമായ സ്ഥിതിയല്ലെന്ന് റിസര്‍വ്ബാങ്ക് സര്‍വേയില്‍ കണ്ടെത്തി. മൊത്തം ധനസ്ഥിതി മോശമായി. ബിസിനസ് പ്രതീക്ഷാസൂചിക 2017-18ലെ അവസാനപാദത്തില്‍ 112.4 ആയിരുന്നെങ്കില്‍ നടപ്പുവര്‍ഷം ആദ്യപാദത്തില്‍ 108.4 ആയി ഇടിഞ്ഞു. ഡോളറുമായി രൂപയുടെ വിനിമയമൂല്യം ഇടിയുകയും ഇന്ധന വിലവര്‍ധന തുടരുകയും ചെയ്യുന്നതിനാല്‍ പണപ്പെരുപ്പം ക്രമാതീതമാവുകയാണ്.
പണപ്പെരുപ്പ നിരക്ക് വര്‍ധനവില്‍ ആശങ്ക പ്രകടപ്പിച്ച റിസര്‍വ്ബാങ്ക്, വിളകളുടെ താങ്ങുവില വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി പണപ്പെരുപ്പ നിരക്ക് ഉയര്‍ത്തിയേക്കുമെന്ന മുന്നറിയിപ്പും നല്‍കി. ഏപ്രില്‍സെപ്തംബര്‍ മാസങ്ങളിലെ ഡിജിപി വര്‍ധന 7.57.6 ആയിരിക്കുമെന്നും 2019 സാമ്പത്തിക വര്‍ഷത്തില്‍ 7.4 ശതമാനത്തില്‍ എത്തുമെന്നും സൂചിപ്പിച്ചു. നിരക്ക് വര്‍ധനവിനെ ആറംഗ അവലോകന സമിതിയിലെ അഞ്ചു പേരും അനുകൂലിക്കുകയായിരുന്നു.
റിസര്‍വ്ബാങ്ക് പലിശ നിരക്ക് ഉയര്‍ത്തിയത് ഭവന, വാഹന വായ്പകളെ ബാധിക്കും. സാധാരണക്കാര്‍ ഏറ്റവുമധികം ആശ്രയിക്കുന്ന ഇത്തരം വായ്പകളുടെ പലിശ നിരക്കും ഉയര്‍ന്നേക്കും. 2013 ഒക്‌ടോബറിനു ശേഷം ഈ വര്‍ഷമാണ് നിരക്കുകള്‍ വര്‍ധിപ്പിക്കുന്നത്. നാലു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ജൂണില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ റിപ്പോ നിരക്കില്‍ 25 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ച് 6.25 ശതമാനത്തില്‍ എത്തിയിരുന്നു.
പണപ്പെരുപ്പം വീണ്ടും ഉയരാന്‍ ഒട്ടേറെ ഘടകങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്ന് പണാവലോകന സമിതി വിലയിരുത്തി. എണ്ണവിലയില്‍ രാജ്യാന്തരരംഗത്തുതന്നെ അനിശ്ചിതത്വമാണ്. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച പുതുക്കിയ മിനിമം താങ്ങുവില പണപ്പെരുപ്പത്തില്‍ സൃഷ്ടിക്കുന്ന പ്രത്യാഘാതം പൂര്‍ണമായി തിട്ടപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. അമേരിക്ക ഉള്‍പ്പടെ പല രാജ്യങ്ങളും ഉയര്‍ത്തുന്ന സംരക്ഷണവാദം ഇന്ത്യയിലെ ഭാവി നിക്ഷേപസാധ്യതകളെ പ്രതികൂലമായി ബാധിക്കുമെന്നും സമിതി ചൂണ്ടിക്കാട്ടി. സമിതിയുടെ അടുത്ത യോഗം ഒക്ടോബര്‍ മൂന്നു മുതല്‍ അഞ്ച് വരെ ചേരും.