മണിപ്പുർ വെടിവയ്പ്: യുവമോർച്ച വൈസ് പ്രസിഡന്റ് ഉൾപ്പെടെ മൂന്നുപേർ കൂടി അറസ്റ്റിൽ

മണിപ്പൂർ സെഗാ റോഡ് വെടിവയ്പ്പിൽ യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ഉൾപ്പെടെ മൂന്നു പേർ കൂടി അറസ്റ്റിൽ. ഒരു സ്ത്രീയടക്കം അഞ്ചുപേർക്ക് വെടിയേറ്റ സംഭവത്തിൽ യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് നൊങ്ക്തോമ്പം ടോണി മെയ്തി, നിങ്തൗജം വിക്കി, ഖൈദേം നിബാസ് എന്നിവരെ അറസ്റ്റ് ചെയ്തു.

പ്രതികളെ ഇംഫാൽ വെസ്റ്റ് ഡ്യൂട്ടി മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി എട്ട് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു. ശനിയാഴ്ച രാത്രി 10.40ന് ഇംഫാൽ വെസ്റ്റിലെ സെഗാ റോഡിലാണ് വെടിവയ്പുണ്ടായത്. ആയുധധാരികളായ ചിലർ ഖൈദേം സെയ്താജിത് എന്നയാളെ വീട്ടിൽ കയറി പിടിച്ചുകൊണ്ടുപോകുന്നിടത്തുനിന്നാണ് പ്രശ്നങ്ങൾ തുടങ്ങുന്നത്.

വെടിവയ്പിൽ പരുക്കേറ്റ മെയ്‌റ പായ്ബിസ് ഉൾപ്പെടെയുള്ളവർ അക്രമികളെ പിടിച്ചുമാറ്റാൻ വന്നവരായിരുന്നു. പൊതുമധ്യത്തിൽ വച്ച് പല തവണ അക്രമികൾ വെടിയുതിർത്തത്തിനെത്തുടർന്നാണ് മെയ്‌റ പായ്‌ബിസ് ഉൾപ്പെടെയുള്ളവർക്ക് പരുക്കേറ്റത്.വെടിവെപ്പിനെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് നടത്തിയ തെരച്ചിലിലും ചോദ്യം ചെയ്യലിലുമാണ് യുവമോർച്ച നേതാവ് നൊങ്ക്തൊമ്പം ടോണി മെയ്തി അടക്കമുള്ളവരാണ് സംഭവത്തിന് നേതൃത്വം നൽകിയതെന്ന് അറിയുന്നത്.നേരത്തെ പോലീസ് കസ്റ്റഡിയിലെടുത്ത നിങ്കോബും അലക്‌സ്, ഗുരിമ റെയ്ബാൻ എന്നിവരെ ചോദ്യം ചെയ്താണ് പോലീസ് യുവമോർച്ച നേതാവിലേക്ക് എത്തിയത്.

23-Oct-2023