കിന്‍ഫ്ര അന്താരാഷ്ട്ര എക്സിബിഷന്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ ഈ വര്‍ഷം തന്നെ : മന്ത്രി പി രാജീവ്

കിന്‍ഫ്ര അന്താരാഷ്ട്ര എക്സിബിഷന്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ ഈ വര്‍ഷം തന്നെ ഉദ്ഘാടനം ചെയ്യാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി പി രാജീവ്. മഴയുള്‍പ്പെടെയുള്ള തടസങ്ങള്‍ ഉണ്ടായിരുന്നെങ്കിലും നിര്‍മ്മാണപ്രവര്‍ത്തനം വേഗത്തില്‍ തന്നെ നടന്നുവരികയാണെന്ന് മന്ത്രി അറിയിച്ചു.

കൊച്ചിയില്‍ ഇന്‍ഫോ പാര്‍ക്കിന് സമീപം നിര്‍മ്മിക്കുന്ന സെന്ററില്‍ എക്സിബിഷനുകളും കോണ്‍ഫറന്‍സുകളും വ്യാപാരമേളകളും മീറ്റിങ്ങുകളും ബിനാലെയും ഉള്‍പ്പെടെയുള്ള പരിപാടികള്‍ സംഘടിപ്പിക്കാനുള്ള വേദികളുണ്ടായിരിക്കും. അന്താരാഷ്ട്ര നിലവാരമുള്ള കണ്‍വെന്‍ഷന്‍ സെന്റര്‍ വഴി കയറ്റുമതി വ്യാപാരത്തിന്റെയും സേവനങ്ങളുടെയും മൊത്തത്തിലുള്ള വളര്‍ച്ച സുഗമമാക്കാന്‍ നമുക്ക് സാധിക്കും.

10 ഏക്കര്‍ ഭൂമിയില്‍ 90 കോടി രൂപ ചിലവ് പ്രതീക്ഷിക്കുന്ന പദ്ധതിയില്‍ 65,000 ചതുരശ്ര അടി വരുന്ന എക്സിബിഷന്‍ ഹാളും അറുനൂറിലധികമാളുകള്‍ക്ക് ഇരിക്കാന്‍ കഴിയുന്ന കണ്‍വെന്‍ഷന്‍ സെന്ററും മുന്നൂറോളം ആളുകളെ ഉള്‍ക്കൊള്ളുന്ന ഡൈനിങ്ങ് ഹാളും മറ്റ് സൗകര്യങ്ങളും ഉറപ്പ് വരുത്തുന്നുണ്ടെന്ന് മന്ത്രി അറിയിച്ചു.

മെട്രോ നഗരങ്ങളില്‍ കേന്ദ്രീകരിച്ചിരുന്ന തൊഴില്‍ ഹബ്ബുകളും ഐടി പാര്‍ക്കുകളും കേരളത്തിന്റെ ഗ്രാമങ്ങളിലും പരിചിതമാവുകയാണെന്ന് കഴിഞ്ഞദിവസം മന്ത്രി പറഞ്ഞിരുന്നു. കുളക്കടയിലെ അസാപ് കമ്മൂണിറ്റി സ്‌കില്‍പാര്‍ക്കിലാണ് അമേരിക്കന്‍ കമ്പനിയായ ജിആര്‍ 8 അഫിനിറ്റി പ്രവര്‍ത്തനം തുടങ്ങിയത്.

ആദ്യമായാണ് ഒരു ഗ്രാമ പ്രദേശത്ത് അന്താരാഷ്ട്ര കമ്പനികള്‍ തൊഴില്‍ അവസരമൊരുക്കി മുന്നോട്ട് വരുന്നത്. വീടിനടുത്ത് തന്നെ മികച്ച ശമ്പളത്തില്‍ വന്‍കിട കമ്പനികളുടെ ഭാഗമാവാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഉദ്യോഗാത്ഥികള്‍.” കേരളത്തിലെ മറ്റ് ഗ്രാമ പ്രദേശങ്ങളിലേക്കും സര്‍ക്കാര്‍ പദ്ധതി വ്യാപിപ്പിക്കുമെന്നും മന്ത്രി രാജീവ് അറിയിച്ചു.

24-Oct-2023