വിഴിഞ്ഞത്തേക്ക് രണ്ടാമത്തെ കപ്പലും എത്തുന്നു

വിഴിഞ്ഞം തുറമുഖത്തേക്ക് ചൈനയിൽ നിന്ന് രണ്ടാമത്തെ കപ്പൽ പുറപ്പെട്ടു. ആറ് ക്രെയിനുകളുമായാണ് കപ്പലിന്റെ വരവ്, ഷെൻഹുവ 29 എന്ന കപ്പൽ നവംബർ 15-ഓടെ വിഴിഞ്ഞത്തെത്തും. ZPMC എന്ന ചൈനീസ് കമ്പനിയിൽ നിന്നാണ് അദാനി പോർട്സ് ക്രെയിനുകൾ വാങ്ങുന്നത്.

അതേസമയം, പ്രതിസന്ധികള്‍ക്കൊടുവില്‍ കൂറ്റന്‍ ക്രെയിനും വിഴിഞ്ഞം തുറമുഖത്ത് ഇറക്കി. ചൈനീസ് ചരക്കു കപ്പലായ ഷെന്‍ഹുവ-15ല്‍ നിന്നാണ് 1100 ടണ്ണിലധികം ഭാരമുള്ള സൂപ്പര്‍ പോസ്റ്റ് പാനാ മാക്‌സ് ക്രെയിന്‍ (ഷിപ്പ് ടു ഷോര്‍ ക്രെയിന്‍) ഇന്ന് വൈകിട്ടോടെ ബര്‍ത്തിലിറക്കിയത്. കപ്പലില്‍കൊണ്ടുവന്ന ക്രെയിനുകളില്‍ ഏറ്റവും വലിയതാണിത്.

ഈ ക്രെയിന്‍ ഇറക്കാനാണ് ഏറെ വെല്ലുവിളികളുണ്ടായിരുന്നത്. മറ്റു ക്രെയിനുകള്‍ ഇന്നലെയോടെ ഇറക്കിയിരുന്നെങ്കിലും പ്രതികൂല കാലാവസ്ഥയെതുടര്‍ന്ന് കൂറ്റന്‍ ക്രെയിന്‍ ഇറക്കാനായിരുന്നില്ല. ഇന്ന് ഉച്ചക്കാണ് ഈ ക്രെയിന്‍ ഇറക്കുന്ന നടപടി ആരംഭിച്ചത്. വൈകിട്ട് നാലോടെ ക്രെയിന്‍ വിജയകരമായി ബര്‍ത്തില്‍ ഇറക്കുകയായിരുന്നു. കടല്‍ പ്രക്ഷുബ്ദമായതോടെയാണ് ക്രെയിന്‍ ഇറക്കുന്നത് വൈകിയത്. അവസാനത്തെ ക്രെയിനും ഇറക്കിയതോടെ ഷെന്‍ഹുവ-15 നാളെ മടങ്ങും.

24-Oct-2023