ഇരപിടിയന്‍ ബുദ്ധിജീവികളെ പൂട്ടാന്‍ മുഖ്യമന്ത്രിയുടെ കര്‍ശന നിര്‍ദേശം

തിരുവനന്തപുരം : മാവോയിസ്റ്റ് നേതാക്കള്‍ ജയിലിലായപ്പോള്‍ അവരുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ വശീകരിച്ച് പീഡിപ്പിച്ച അനാക്രി-അമാനവ ബുദ്ധിജീവി രജീഷ് പോളിനെതിരെ കേസെടുക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഡി ജി പിയോട് നിര്‍ദേശിച്ചു. പെണ്‍കുട്ടികളെ പീഡിപ്പിക്കുന്ന ഒരാളും രക്ഷപ്പെടാന്‍ പാടില്ലെന്ന മുഖ്യമന്ത്രിയുടെ കര്‍ശന നിലപാടിനൊപ്പമായിരിക്കും പോലീസ് നടപടികളെന്ന് ഡി ജി പി വ്യക്തമാക്കി. രജീഷ് പോളിനെ കുറിച്ചുള്ള പരാതിയെക്കുറിച്ച് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാന്‍ ഡി ജി പി നിര്‍ദേശിച്ചു. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതികള്‍ ഡി ജി പിക്ക് കൈമാറി രണ്ടാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അമാനവരും അല്ലാത്തവരുമായ 'ഇരപിടിയന്‍ബുദ്ധിജീവി'കളുടെ നീണ്ടലിസ്റ്റ് മുഖ്യമന്ത്രിയുടെ ഓഫീസ് ഡി ജി പിക്ക് കൈമാറിയിട്ടുണ്ട്. അവരെ നിരീക്ഷണത്തില്‍ വെക്കാനും അവരുടെ മൊബൈലും വാട്‌സാപ്പും നിരീക്ഷിക്കാനും പോലീസ് ഒരുങ്ങുകയാണ്. സ്ത്രീകളെ വശീകരിച്ച് തങ്ങളുടെ ഇംഗിതങ്ങള്‍ക്കായി വശപ്പെടുത്തുന്ന ബുദ്ധിജീവികള്‍ സ്വാതന്ത്ര്യത്തെ പറ്റിയും സ്വതന്ത്ര ലൈംഗീകതയെ പറ്റിയുമൊക്കെ പറഞ്ഞാണ് പെണ്‍കുട്ടികളടക്കമുള്ളവരെ വലയിലാക്കുന്നത്. തുടക്കത്തില്‍ മാനവീകമായ വിഷയങ്ങളെ കുറിച്ചൊക്കെ സംസാരിക്കുന്ന ആക്റ്റിവിസ്റ്റുകള്‍ അവസാനം ആണധികാരപ്രമത്തതയുടെ ആണ്‍രൂപങ്ങളായി മാറുമെന്ന് പല സ്ത്രീകളും വെളിപ്പെടുത്തുന്നു. രജീഷ് പോള്‍ ഇരപിടിയന്‍ ബുദ്ധിജീവി ശൃംഖലയിലെ ഒരു കണ്ണിമാത്രമാണെന്ന് പറഞ്ഞ ഡി ജി പി, പാലക്കാട് ജില്ലാ പൊലീസ് മേധാവി പരാതി അന്വേഷിക്കുമെന്ന് പറഞ്ഞു.

കണ്ണൂര്‍ ശ്രീകണ്ഠാപുരം ഏരുവേശി സ്വദേശിയായ രജീഷ് പോള്‍, കണ്ണൂര്‍ പിലാത്തറയിലാണ് വാടകയ്ക്ക് താമസിച്ചിരുന്നത്. അയല്‍ക്കാരോട് ഇന്റീരിയര്‍ ഡീസൈനിംഗാണെന്ന് ജോലിയെന്ന് പറഞ്ഞ രജീഷിന്റെ വീട് നിരവധി അമാനവ ബുദ്ധിജീവികളുടെ കേന്ദ്രമായിരുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്. പിലാത്തറയിലെ വീട്ടിലേക്ക് മാവോയിസം പഠിപ്പിക്കാന്‍ കൊണ്ടുപോയാണ് രജീഷ് പോള്‍ ജയിലില്‍ കഴിയുന്ന മാവോയിസ്റ്റ് പ്രവര്‍ത്തകരുടെ മകളെ ലൈംഗീകമായി പീഡിപ്പിച്ചത്. പെണ്‍കുട്ടി തന്നെ ആ സംഭവം ഫേസ്ബുക്കില്‍ വെളിപ്പെടുത്തിയിരുന്നു. പതിനാറാം വയസില്‍ ലൈംഗികമായ അതിക്രമം നേരിട്ടതു സംബന്ധിച്ച് വിശദമായി വെളിപ്പെടുത്തുന്ന പെണ്‍കുട്ടി സമാനമായ പീഡനം നേരിട്ട മറ്റുമൂന്നു പേരെ കുറിച്ചും പോസ്റ്റില്‍ പറയുന്നുണ്ട്. ലൈംഗീകാതിക്രമം നടത്തിയ ശേഷം നഗ്നചിത്രങ്ങള്‍ ഫേസ്ബുക്കിലൂടെ പ്രചരിപ്പിക്കുമെന്ന് രജീഷ് പോള്‍ ഭീഷണിപ്പെടുത്തിയതായും പോസ്റ്റിലുണ്ട്.

പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലിനെത്തുടര്‍ന്ന് സോഷ്യല്‍മീഡിയയിലുള്‍പ്പെടെ രജീഷിനെതിരേ കേസെടുക്കണമെന്ന ആവശ്യം ശക്തമായി ഉയര്‍ന്നിരുന്നു. വനിതാ കമീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍, സംസ്ഥാന യുവജന കമീഷന്‍ അധ്യക്ഷ ചിന്താ ജെറോം എന്നിവരും രജീഷിനെതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടു. ഇയാള്‍ക്കെതിരേ ഒന്നിലേറെ പെണ്‍കുട്ടികള്‍ പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്. അമാനവ സംഘത്തിലെ രജീഷ് പോളിന്റെ കൂട്ടാളികളുടെ പെണ്‍വേട്ടകളെ കുറിച്ച ഫേസ്ബുക്കില്‍ എഴുതാതിരിക്കാനും പോലീസില്‍ പരാതി നല്‍കാതിരിക്കാനും അമാനവ സ്ത്രീകള്‍ തന്നെ പെണ്‍കുട്ടികളുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നുണ്ട്. അവര്‍ പേസ്ബു്കകിലൂടെ അമാനവ ബുദ്ധിജീവികള്‍ക്ക് പിന്തുണയുമായി രംഗത്തുണ്ട്.

കോഴിക്കോട് നടന്ന അമാനവ സംഗമത്തിന്റെ നേതൃത്വത്തിലുണ്ടായിരുന്ന രജീഷ് പോളിനെതിരെ ആരോപണമുയരുമ്പോള്‍ അന്ന് കൂടെയുണ്ടായിരുന്ന അനാക്രികളെല്ലാം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇവര്‍ പെണ്‍കുട്ടിയെ അപകീര്‍ത്തിപ്പെടുന്ന പ്രചരണമാണ് നടത്തുന്നത്.

ഒരു ജോലിയുമില്ലാതെ അരാജകത്വ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും പുരോഗമന ചേരിയില്‍ ഭിന്നിപ്പുണ്ടാക്കുകയും ചെയ്യുന്ന അനാക്രി- അമാനവ ബുദ്ധിജീവികളുടെ സാമ്പത്തിക സ്രോതസിനെ പറ്റിയും അന്വേഷിക്കണമെന്ന ആവശ്യം മുഖ്യമന്ത്രിക്ക് മുന്നിലെത്തിയിട്ടുണ്ട്. പീഡനവിവരം മാവോയിസ്റ്റ് ദമ്പതികളുടെ മകളടക്കമുള്ള പെണ്‍കുട്ടികള്‍ അവരോട് ചേര്‍ന്ന് നില്‍ക്കുന്ന മറ്റുള്ളവരോട് പറഞ്ഞിട്ടും ആരും ഇത്രയുകാലം അവ ചെറുക്കാനോ. അതിനെതിരെ പ്രതികരിക്കാനോ തയ്യാറായിട്ടില്ല. മാവോയിസ്റ്റ് നേതാക്കളുടെ മകള്‍ക്കെതിരെ പീഡനം നടന്നിട്ടും ഒരു മാവോയിസ്റ്റുപോലും പ്രതിഷേധവുമായി രംഗത്തുവന്നിട്ടില്ല.

02-Aug-2018