രാജസ്ഥാനിൽ കോൺഗ്രസ് നേതാക്കളുടെ സ്ഥലങ്ങളിൽ ഇഡി റെയ്ഡ്

ചോദ്യ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ രാജസ്ഥാൻ മുൻ വിദ്യാഭ്യാസ മന്ത്രി ഗോവിന്ദ് സിംഗ് ദോട്ടസാരയുമായും കോൺഗ്രസ് എംഎൽഎ ഓം പ്രകാശ് ഹഡ്‌ലയുമായും ബന്ധപ്പെട്ട ഇഡി റെയ്ഡ് നടത്തി. ഇരുവരുമായും ബന്ധപ്പെട്ട 11 സ്ഥലങ്ങളിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയത്.

ജയ്പൂർ, ദൗസ, സിക്കാർ എന്നിവിടങ്ങളിലുള്ള ഇരു നേതാക്കളുടെയും വാസസ്ഥലങ്ങൾ ഉൾപ്പെടെയുള്ള ഇടങ്ങളിലാണ് പരിശോധന നടക്കുന്നത്. നിലവിൽ കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിൽ തിരഞ്ഞെടുപ്പ് നടക്കാൻ ഒരു മാസം മാത്രം ബാക്കി നിൽക്കെയാണ് ഈ ഇഡി നടപടി.

സിക്കാറിലെ ലച്ച്‌മംഗഢ് മണ്ഡലത്തിലെ സ്ഥാനാർത്ഥിയാണ് ദോട്ടസാര. ബിജെപിയുടെ സുഭാഷ് മഹാരിയയാണ് എതിർ സ്ഥാനാർത്ഥി. സംസ്ഥാന നിയമസഭയിലെ മഹ്‌വ മണ്ഡലത്തെയാണ് ഹഡ്‌ല ​​പ്രതിനിധീകരിക്കുന്നത്. അതേസമയം 200 അംഗ രാജസ്ഥാൻ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നവംബർ 25ന് നടക്കും.

ഈ കേസിൽ മുൻ രാജസ്ഥാൻ പബ്ലിക് സർവീസ് കമ്മീഷൻ (ആർ‌പി‌എസ്‌സി അംഗം) ബാബുലാൽ കത്താറയെയും അനിൽ കുമാർ മീണ എന്നയാളെയും നേരത്തെ ഇഡി അറസ്റ്റ് ചെയ്തിരുന്നു. ജൂണിൽ നടന്ന അന്വേഷണത്തിന്റെ ഭാഗമായി രാജസ്ഥാനിലെ ഒന്നിലധികം സ്ഥലങ്ങളിലായിരുന്നു റെയ്ഡ്.

കഴിഞ്ഞ വർഷം ഡിസംബറിൽ നടന്ന ഗ്രേഡ് II ടീച്ചർ മത്സര പരീക്ഷ 2022 ചോദ്യപേപ്പർ ചോർന്നതുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് ഇഡി അന്വേഷണം നടക്കുന്നത്. കേസിൽ 37 ഉദ്യോഗാർത്ഥികൾ ഉൾപ്പെടെ 55 പേർ അറസ്റ്റിലായി.

എട്ട് ലക്ഷം മുതൽ 10 ലക്ഷം രൂപ വരെ വാങ്ങി 180 -ഓളം ഉദ്യോഗാർത്ഥികൾക്ക് ചോദ്യപേപ്പറുകൾ നൽകിയിട്ടുണ്ടെന്ന് അന്വേഷണ ഏജൻസി കണ്ടെത്തിയിരുന്നു. ബാബുലാൽ കത്താറ, അനിൽകുമാർ മീണ എന്നിവരെ കൂടാതെ, ചോർച്ച റാക്കറ്റിലെ മറ്റൊരു പ്രതിയായ ഭൂപേന്ദ്ര ശരണിനെയും കള്ളപ്പണം വെളുപ്പിക്കൽ കുറ്റത്തിന് ഇഡി അറസ്റ്റ് ചെയ്തിരുന്നു.

കൂടാതെ ഈ മാസം ആദ്യം, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ സഹായിയായ കോൺഗ്രസ് നേതാവ് ദിനേഷ് ഖൊദാനിയയുടെ വീട്ടിലും ഓഫീസിലും ഇഡി റെയ്ഡ് നടത്തിയിരുന്നു. കോൺഗ്രസ് നേതാവ് അശോക് ജെയിൻ, ഹനുമാൻ ബേനിവാളിന്റെ നേതൃത്വത്തിലുള്ള രാഷ്ട്രീയ ലോക്താന്ത്രിക് പാർട്ടി (ആർഎൽപി)യുമായി ബന്ധമുള്ള സ്പർധ ചൗധരിയുടെ സ്ഥലങ്ങളിലും പരിശോധന നടത്തി. ജയ്പൂർ, ജോധ്പൂർ, ദുംഗർപൂർ എന്നീ ഒമ്പത് സ്ഥലങ്ങളിലാണ് റെയ്ഡ് നടത്തിയത്.

അതേസമയം രാജസ്ഥാന്‍ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യ സ്ഥാനാര്‍ഥി പട്ടിക കോണ്‍ഗ്രസ് പുറത്തുവിട്ടു. ആദ്യ ഘട്ടത്തില്‍ 33 സ്ഥാനാര്‍ത്ഥികളെയാണ് പാര്‍ട്ടി പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി അശോക് ഗെലോട്ടിന് സര്‍ദാര്‍പുരയില്‍ നിന്നും സച്ചിന്‍ പൈലറ്റിന് ടോങ്കില്‍ നിന്നും മത്സരിക്കും. നിയമസഭാ സ്പീക്കര്‍ സി പി ജോഷിക്ക് നാഥ്വാഡയില്‍ നിന്നും കോണ്‍ഗ്രസ് ടിക്കറ്റ് നല്‍കിയിട്ടുണ്ട്.

26-Oct-2023