പുതിയ പാര്‍ട്ടിയില്ല, എല്‍ഡിഎഫില്‍ ഉറച്ചുനില്‍ക്കുമെന്ന് ജെഡിഎസ്

രാഷ്ട്രീയ നിലപാട് സംബന്ധിച്ച് ജെഡിഎസിന് യാതൊരു അവ്യക്തതയുമില്ലെന്ന് സംസ്ഥാന അധ്യക്ഷന്‍ മാത്യൂ ടി തോമസ്. ബിജെപി ശത്രുപക്ഷത്താണ്. കോണ്‍ഗ്രസ് ഇതര ബിജെപി വിരുദ്ധ ശക്തികളുമായി ഒന്നിച്ചുപോകണമെന്നതാണ് ദേശീയ സമ്മേളനം അംഗീകരിച്ച പ്രമേയം. ബിജെപിയോട് സഖ്യപ്പെടുകയെന്നത് ദേശീയ സമ്മേളനം എടുത്ത നിലപാടിനോട് വിരുദ്ധമാണെന്നും മാത്യൂ ടി തോമസ് പറഞ്ഞു.

ജെഡിഎസ് യോഗത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ദേവഗൗഡയുടെ തീരുമാനം ഏകപക്ഷീയമാണ്. അത്തരത്തിലൊരു തീരുമാനം പ്രഖ്യാപിച്ചതിനോട് സംസ്ഥാനസമിതി യോജിക്കുന്നില്ല. കേരളത്തിലെ എല്‍ഡിഎഫില്‍ നാലരപതിറ്റാണ്ടായി ജെഡിഎസ് അവിഭാജ്യഘടകമാണ്. അതില്‍ തന്നെ ഉറച്ച് നില്‍ക്കുമെന്നും മാത്യൂ ടി തോമസ് ആവര്‍ത്തിച്ചു.

ദേവഗൗഡയും കുമാരസ്വാമിയും എടുത്ത തീരുമാനത്തോട് യോജിക്കുന്നില്ല. അത് കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചിട്ടില്ല. ഞങ്ങളാണ് യഥാര്‍ത്ഥ ജെഡിഎസ് എന്നും മാത്യൂ ടി തോമസ് കൂട്ടിച്ചേര്‍ത്തു.

 

27-Oct-2023