മന്ത്രി മണിക്കെതിരെ ചില മാധ്യമ പ്രവര്‍ത്തകര്‍ ?

ഇടുക്കി : വിദ്യുച്ഛക്തി വകുപ്പ് മന്ത്രി എം എം മണിക്ക് ദൃശ്യമാധ്യമ പ്രവര്‍ത്തകരോട് വേണ്ടത്ര ബഹുമാനമില്ലെന്ന് ചില മാധ്യമ പ്രവര്‍ത്തകരുടെ വിലയിരുത്തല്‍. ഇന്നലെ ഡാം എപ്പോള്‍ തുറക്കുമെന്ന് ചോദിച്ച മാധ്യമ പ്രവര്‍ത്തകരോട്, നിങ്ങള്‍ക്ക് വാര്‍ത്തയുണ്ടാക്കാന്‍ വേണ്ടി ഡാം തുറക്കാന്‍ പറ്റില്ലെന്ന് പറഞ്ഞ് ട്രോളിയ എം എം മണിയ്‌ക്കെതിരെ ഏത് വിധേനയും തിരിച്ചടിക്കണമെന്ന് ചില ദൃശ്യമാധ്യമ പ്രവര്‍ത്തകര്‍ തീരുമാനിച്ചിരിക്കയാണെന്ന് സൂചന. 

നിലവിലുള്ള സാഹചര്യത്തില്‍ മഴയുടെ തോതും നീരൊഴുക്കും കുറഞ്ഞിരിക്കയാണ്. മൂലമറ്റം നിലയത്തില്‍ പരമാവധി വൈദ്യുതി ഉല്‍പ്പാദനം നടക്കുന്നതിനാല്‍ കനത്ത മഴ പെയ്തില്ലെങ്കില്‍ അണക്കെട്ട് തുറക്കേണ്ടിവരില്ല. അടുത്തയാഴ്ച മഴ വീണ്ടും ശക്തമായേക്കുമെന്ന മുന്നറിയിപ്പ് പരിഗണിച്ച് ദൃശ്യമാധ്യമ പ്രവര്‍ത്തകര്‍ ഡാമിന്റെ പരിസരത്ത് തന്നെ ഒ ബി വാനുകളുമായി ക്യാമ്പ് ചെയ്യുകയാണ്.

രണ്ട് പ്രമുഖ ദൃശ്യമാധ്യമ പ്രവര്‍ത്തകര്‍ എം എം മണിക്കും സര്‍ക്കാരിനുമെതിരായ പ്രതികരണത്തിനായി ഇടുക്കിയിലുള്ള രണ്ട് മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സമീപിച്ചുവെങ്കിലും അവര്‍ പ്രതികരിക്കാന്‍ തയ്യാറായില്ല. ഡാം തുറന്നില്ലെങ്കില്‍ ഇടുക്കിയില്‍ നിന്ന് സെന്‍സേഷണലായ എന്തെങ്കിലും വാര്‍ത്തയും കൊണ്ട് തിരികെ വന്നാല്‍മതി എന്നാണ് ചാനല്‍ മാനോജ്‌മെന്റുകള്‍ ദൃശ്യമാധ്യമ പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

03-Aug-2018