ബിജെപി നേതാവ് സുരേഷ് ഗോപി സാംസ്കാരിക കേരളത്തിന് അപമാനം: ഡിവൈഎഫ്ഐ
അഡ്മിൻ
മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ ബിജെപി നേതാവ് സുരേഷ് ഗോപി സാംസ്കാരിക കേരളത്തിന് അപമാനമാണെന്ന് ഡിവൈഎഫ്ഐ. ആധുനിക ലോകം ഉപേക്ഷിച്ച എല്ലാ ജീര്‍ണ്ണതകളെയും താലോലിക്കുന്ന ഒരു സിനിമാറ്റിക് കോമാളിയായി മാറിയ സുരേഷ് ഗോപി എത്ര കപടത നിറഞ്ഞ മാനസികാവസ്ഥയുമായി ആണ് ജീവിക്കുന്നതെന്ന് അദ്ദേഹം ഈ മാധ്യമ പ്രവര്‍ത്തകയോട് പെരുമാറിയ രീതി കണ്ടാല്‍ വ്യക്തമാകും.
തന്റെ ദേഹത്ത് സ്പര്ശിച്ചപ്പോള് ഒരു വട്ടം ഒഴിഞ്ഞു മാറിയിട്ടും വീണ്ടും അതേ പോലെ പെരുമാറിയപ്പോള്‍ അദ്ദേഹത്തിന്റെ കൈ അവര്‍ക്ക് തന്നെ എടുത്ത് മാറ്റേണ്ടി വന്നു. ഇത്രയും മോശമായി ഒരു വ്യക്തിയുടെ അനുവാദം കൂടാതെ അവരെ ശരീരത്തില്‍ സ്പര്‍ശിച്ച വഷളത്തരം അദ്ദേഹം പേറുന്ന ജീര്‍ണ്ണ രാഷ്ട്രീയ സംഹിതയുടെ ബാക്കി പത്രം കൂടിയാണ്. മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ സുരേഷ് ഗോപിക്കെതിരെ കര്‍ശനമായ നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.