"തോക്കിന്‍ കുഴലിലൂടെ വിപ്ലവമല്ല, പീഡനമാണ് "

കോയമ്പത്തൂര്‍ : അമാനവബുദ്ധിജീവിയും മാവോയിസ്റ്റ് സഹയാത്രികനുമായ രജീഷ് പോളിന്റെ കൂടെനില്‍ക്കാന്‍ കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്) തീരുമാനിച്ചതായി സൂചനകള്‍. മാവോയിസ്റ്റ് സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമായ രൂപേഷിന്റേയും മാവോയിസ്റ്റ് പാര്‍ടിയുടെ കേന്ദ്രകമ്മറ്റിയംഗമായ ഷൈനയുടെയും മൂത്തമകള്‍ ആമി ഫേസ്ബുക്ക് പോസ്റ്റിലൂടെ രൂപേഷ് പോള്‍ എന്ന വ്യക്തി  പ്രായപൂര്‍ത്തിയാവുന്നതിന് മുന്‍പ്തന്നെ ലൈംഗീകമായി ചൂഷണം ചെയ്തു എന്ന് വെളിപ്പെടുത്തിയിരുന്നു.

രജീഷ് പോളിനെതിരെ മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയില്‍ കര്‍ശന നടപടികളെടുക്കണമെന്ന് ഡി ജി പിയോട് നിര്‍ദേശിച്ചതിനെ തുടര്‍ന്ന് പോലീസ് നടപടികളുമായി മുന്നോട്ടുപോവുകയാണ്. രജീഷ് പോളിന്റെയും മറ്റ് അമാനവ ബുദ്ധിജീവികളുടെയും സാമ്പത്തിക സ്രോതസിനെ കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. ആ അന്വേഷണം മാവോയിസ്റ്റുകള്‍ക്ക് സഹായം നല്‍കുന്ന കേന്ദ്രങ്ങളിലെത്തുമെന്നുള്ളതുകൊണ്ട് കൂടിയാണ് രജീഷിനൊപ്പം നില്‍ക്കാന്‍ മാവോയിസ്റ്റ് പാര്‍ടി തീരുമാനമെടുത്തിരിക്കുന്നത്.

കഴിഞ്ഞ ഫെബ്രുവരി മാസം 24ന് എന്‍ ഐ എ കോടതി മൂന്നുമണിക്കൂര്‍ ജാമ്യം അനുവദിച്ചപ്പോള്‍ മാവോയിസ്റ്റ് സംസ്ഥാന സെക്രട്ടറി രൂപേഷ് തൃശൂര്‍ വലപ്പാട്ടെ വീട്ടില്‍ എത്തിയിരുന്നു. അന്ന് രജീഷ് പോളിന്റെ കാര്യം രൂപേഷ് സംസാരിച്ചിരുന്നു. രൂപേഷിന്റെ വികാരങ്ങള്‍ മാനിക്കാതെയും അഭിപ്രായങ്ങള്‍ പരിഗണിക്കാതെയുമാണ് മാവോയിസ്റ്റ് പാര്‍ട്ടി രജീഷ് പോളിനൊപ്പം നില്‍ക്കുന്നത്. ആ തീരുമാനത്തിന് മാവോയിസ്റ്റ് പോളിറ്റ് ബ്യൂറോയുടെ പിന്തുണയുമുണ്ട്. പോലീസ് പോസ്‌കോ ചുമത്തി രജീഷിനെ അറസ്റ്റ് ചെയ്യുമ്പോള്‍ മനുഷ്യാവകാശ പ്രവര്‍ത്തകരെ ഇറക്കി രജീഷിന്റെ മനുഷ്യാവകാശത്തിന് വേണ്ടിയും പോലീസ് ഭീകരതയ്‌ക്കെതിരെയും ശബ്ദമുയര്‍ത്താനാണ് മാവോവാദികള്‍ ഉദ്ദേശിക്കുന്നതെന്നാണ് വിശ്വസനീയ കേന്ദ്രങ്ങള്‍ വെളിപ്പെടുത്തുന്നത്.

രജീഷ് പോളിന്റെ പീഡനത്തിരയായ ആമിയുടെ പിതാവ് രൂപേഷ് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലും മാതാവ് ഷൈന കോയമ്പത്തൂര്‍ ജയിലിലും കിടക്കുകയാണ്. രജീഷിന്റെ പീഡനത്തെ കുറിച്ചുള്ള മകളുടെ ഫേസ്ബുക്ക് പോസ്റ്റിനെ കുറിച്ച് കോയമ്പത്തൂര്‍ ജയിലിലുള്ള ഷൈനിയോട് പറഞ്ഞപ്പോള്‍ തീര്‍ത്തും നിര്‍വികാരമായ മുഖഭാവത്തോടെയാണ് അവര്‍ ഇരുന്നതെന്ന് ജയില്‍വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. വിപ്ലവമല്ല, പീഡനമാണ് തോക്കിന്‍കുഴലിലൂടെ നടക്കുന്നതെന്ന് വിയ്യൂര്‍ ജയിലില്‍ വെച്ച് മാവോയിസ്റ്റ് നേതാവ് രൂപേഷ് കണ്ണീരോടെ പറഞ്ഞെന്നുള്ള വെളിപ്പെടുത്തലും പുറത്തുവന്നിട്ടുണ്ട്.

തോക്കിന്‍കുഴലിലൂടെ വിപ്ലവത്തിനായി ശ്രമിക്കുന്ന പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയുടെ മകളെ ബാലപീഡനത്തിന് ഇരയാക്കിയ വ്യക്തിയെ സംരക്ഷിക്കുന്ന നിലപാടുമായി മാവോയിസ്റ്റ് പാര്‍ടി മുന്നോട്ടുപോകുമ്പോള്‍ രൂപേഷും ഷൈനയും പാര്‍ടിയെ തള്ളിപ്പറയുമോ, മകളെ തള്ളിപ്പറയുമോ എന്നത് അവ്യക്തമായ നിലപാടായി അവശേഷിക്കുന്നു.

03-Aug-2018