പൗരത്വപ്രക്ഷോഭത്തിനെതിരായ കേസുകൾ പിൻവലിക്കുമെന്ന് കേരള സർക്കാർ

പൗരത്വ സമരത്തിനെതിരായ കേസുകൾ സംസ്ഥാന സർക്കാർ പിൻവലിക്കും. മജിസ്‌ട്രേറ്റ് കോടതിയിൽ നിലനിൽക്കുന്ന കേസുകളിലെ തുടർ നടപടികൾ നിർത്തിവെക്കാൻ നിർദേശിച്ചതായി സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.കേസിലെ തുടർ നടപടികൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് നടപടി.

കോഴിക്കോട് രജിസ്‌റ്റർ ചെയ്‌ത കേസിൽ ഏഴ് പ്രതികളാണ് ഹർജി സമർപ്പിച്ചത്.നേരത്തെ പൗരത്വ സമരത്തിനെതിരായ കേസുകൾ പിൻവലിക്കാൻ സർക്കാർ ഉത്തരവിട്ടെങ്കിലും നടപ്പാക്കിയില്ല. ഇത് ചോദ്യം ചെയ്ത് കോഴിക്കോട് ജില്ലയിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതികൾ കേസിലെ എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. പൗരത്വ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തു എന്നതാണ് ഇവർക്കെതിരെയുള്ള കേസ്.

വിവിധ സ്ഥലങ്ങളിലായി 32 പേർക്കെതിരെ കേസെടുത്തു. ഈ ഹർജിയിൽ കോടതി നേരത്തെ സർക്കാരിന്റെ നിലപാട് ആരാഞ്ഞിരുന്നു, അന്നും കേസുകൾ പിൻവലിക്കുമെന്ന് സർക്കാർ അറിയിച്ചിരുന്നു. എന്നാൽ ഇപ്പോൾ മജിസ്‌ട്രേറ്റ് കോടതിയിൽ അപേക്ഷ സമർപ്പിക്കാൻ പ്രോസിക്യൂട്ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് സർക്കാർ അറിയിക്കുകയായിരുന്നു. ഇത്തരത്തിൽ അപേക്ഷ സമർപ്പിക്കുന്നതോടുകൂടി ഈ കേസുകളിലെ തുടർ നടപടി പൂർണമായി അവസാനിക്കുമെന്നാണ് സർക്കാർ അറിയിക്കുന്നത്.

31-Oct-2023